നക്ഷത്രത്തിളക്കമായി പ്ലാനറ്റോറിയവും സയൻസ് സെൻററും
text_fieldsചാലക്കുടിയിലെ പ്ലാനറ്റോറിയവും പ്രദേശിക ശാസ്ത്ര കേന്ദ്രവും
ചാലക്കുടി: നക്ഷത്ര സമൂഹത്തിലെ നിഗൂഢ രഹസ്യങ്ങൾ നിരീക്ഷിക്കുന്ന പ്ലാനിറ്റോറിയവും ഗഹനമായ ശാസ്ത്ര തത്ത്വങ്ങൾ സരളമായി ആവിഷ്കരിക്കുന്ന സയൻസ് സെൻററും ചാലക്കുടിക്ക് നേട്ടമാവുകയാണ്. അല്ല മധ്യകേരളത്തിലെ ആയിരക്കണക്കിന് വിദ്യാർഥികൾക്കും സാധാരണക്കാർക്കും പ്രയോജനപ്പെടുന്നതാണ് ചാലക്കുടിയിലെ പ്ലാനറ്റോറിയവും പ്രദേശിക ശാസ്ത്ര കേന്ദ്രവും. കേരളത്തിെൻറ വിജ്ഞാന-വിനോദ സഞ്ചാര രംഗത്ത് കുതിച്ചുചാട്ടം തന്നെയാണ്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലത്തിനിടയിൽ ചാലക്കുടി കൈവരിച്ച മികച്ച നേട്ടമാണ് ഈ പ്രാദേശിക ശാസ്ത്രകേന്ദ്രം. അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റൂട്ടിൽ പോട്ട -എലിഞ്ഞിപ്ര റോഡിൽ പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളജിനോട് ചേർന്ന് ഏകദേശം അഞ്ച് ഏക്കർ സ്ഥലത്ത് ഏകദേശം 30 കോടി രൂപ ചെലവിലാണ് ഇതിെൻറ ഒന്നാം ഘട്ടം പൂർത്തീകരിച്ചിട്ടുള്ളത്. ചാലക്കുടിക്കാർക്കുവേണ്ടി മാത്രമല്ല, മൂന്ന് ജില്ലകളിലെ വിജ്ഞാനദാഹികൾക്ക് പ്രയോജനകരമാണ്. നിലവിൽ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ശാസ്ത്ര കേന്ദ്രങ്ങളുള്ളത്.
മധ്യകേരളത്തിലെ എല്ലാവര്ക്കും എത്തിച്ചേരാന്‍ സൗകര്യപ്രദമായ സ്ഥലം എന്ന നിലയിലാണ് മേഖല ശാസ്ത്രകേന്ദ്രം ചാലക്കുടിയില്‍ തുടങ്ങിയത്. അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സ്ഥലം എന്ന നിലയിൽ അറിയപ്പെടുന്ന ചാലക്കുടിയുടെ സ്ഥാനം വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥിരമായി പ്രതിഷ്ഠിപ്പിക്കാൻ ശാസ്ത്ര കേന്ദ്രത്തിനാവും. ഭാവിയിൽ വൻ മുന്നേറ്റമാണ് ഇതുമൂലം ചാലക്കുടി നഗരത്തിന് ഉണ്ടാവുക. ബി.ഡി. ദേവസി എം.എൽ.എയുടെ തുടർച്ചയായ ഇടപെടലുകളോടെയാണ് ഇത് യാഥാർഥ്യമാകുന്നത്.
പ്ലാനറ്റോറിയം, കുട്ടികളുടെ സയൻസ് പാർക്ക്, ശാസ്ത്ര കേന്ദ്രത്തിെൻറ മുഖ്യ കെട്ടിടം എന്നിവയാണ് ഇപ്പോൾ തുറന്നുകൊടുത്തിട്ടുള്ളത്. മുതിർന്നവർക്ക് 20 രൂപ, വിദ്യാർഥികൾക്ക് 10 രൂപ എന്നിങ്ങനെയാണ് പ്രവേശന നിരക്ക്. നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യവും. നാല് ഗാലറികളാണ് ആദ്യഘട്ടത്തിലുള്ളത്. പോപുലര്‍ സയന്‍സ്, ന്യൂക്ലിയര്‍ എനര്‍ജി, റോബറ്റിക്സ് ആൻഡ് മാത്തമാറ്റിക്സ്, ജൈവ വൈവിധ്യം തുടങ്ങിയവയെ സംബന്ധിച്ചുള്ള ഗഹനമായ അറിവുകൾ സ്വായത്തമാകാൻ ഉപകരിക്കുന്ന ഗാലറികളാണ് പ്രധാന ആകര്‍ഷണം. ഒരേസമയം 200 പേർക്ക് ഗാലറികളിലെ പ്രദർശനം കാണാം.
പഠന ക്ലാസുകളും ഹ്രസ്വകാല കോഴ്സുകളും ഒരുക്കും. വൈകീട്ട് 6.30ന് ശേഷമാണ് പ്ലാനറ്റോറിയത്തിലെ നക്ഷത്ര നിരീക്ഷണത്തിന് അവസരം. 40 കോടി രൂപ ചെലവിൽ ഭാവിയില്‍ ഇതിെൻറ രണ്ടാംഘട്ടം പ്രവര്‍ത്തനം തുടങ്ങുന്നതോടെ ത്രീഡി തിയറ്ററും ലേസേറിയവും ത്രില്ലേറിയവുമൊക്കെയായി ഒരുപാട് വിസ്മയങ്ങള്‍ ഒരുക്കും. ശാസ്ത്രകേന്ദ്രത്തിെൻറ അത്യാകർഷകമായ രൂപ നിർമിതി എടുത്തുപറഞ്ഞേ തീരൂ. പ്രശസ്ത ആര്‍ക്കിടെക്ട് ജി. ശങ്കറാണ് ഇതിെൻറ രൂപരേഖ നിര്‍വഹിച്ചിട്ടുള്ളത്.