ചാലക്കുടി നഗരസഭ ആശമാർക്ക് വാർഷിക അലവൻസും കുടുംബ ഇൻഷുറൻസും നൽകും
text_fieldsചാലക്കുടി: 165.03 കോടി രൂപയുടെ വരവും 160.78 കോടിയുടെ ചിലവും 4.25 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ചാലക്കുടി നഗരസഭ ബജറ്റിന് അംഗീകാരം.
വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി അവതരിപ്പിച്ച ബജറ്റിൽ ഇളവുകളും വാഗ്ദാനങ്ങളുമുണ്ട്. ആശമാർക്ക് 25,000 രൂപ വീതം വാർഷിക അലവൻസും ഫാമിലി ഇൻഷുറൻസും അനുവദിക്കും. ഇതിന് 10 ലക്ഷം രൂപ വകയിരുത്തി. അംഗൻവാടി പ്രവർത്തകർക്ക് പ്രത്യേക ഫാമിലി ഇൻഷൂറൻസ് പദ്ധതി നടപ്പാക്കും.
നഗരസഭ ശക്തിസ്ഥൽ ക്രിമിറ്റോറിയത്തിൽ നഗരസഭ പ്രദേശത്തെ മുഴുവൻ താമസക്കാരുടെയും ശവസംസ്കാരം സൗജന്യമാക്കി. രാസലഹരിക്കെതിരെ ബഹുജന കർമസേന രൂപവത്കരിക്കും. വാർഡ് തലത്തിൽ ജാഗ്രത സമിതി നന്മ ലഹരിയുടെ തുടർ പ്രവർത്തനങ്ങൾക്കും വിവിധ പരിശീലപരിപാടികൾക്കുമായി 25 ലക്ഷം രൂപ മാറ്റിവച്ചു.
സാമൂഹ്യ-സാംസ്കാരിക പരിപാടികൾക്ക് വാടക ഇളവുകളോടെ ഹാൾ അനുവദിക്കും. മിനി ഹാൾ, ലിഫ്റ്റ്, എ.സി ട്രാൻസ്ഫോമർ തുടങ്ങിയവ ഒരുക്കാൻ ഒരു കോടി രൂപ നീക്കിവച്ചു.
ഒരു കോടി രൂപയുടെ ജനകീയ പദ്ധതി വഴി ടൗണിലും പരിസര പ്രദേശങ്ങളിലേയും റോഡുകളും പൊതു സ്ഥലങ്ങളും സൗന്ദര്യവത്കരിക്കും.
സമ്പൂർണ ഭവന പദ്ധതിക്ക് നഗരസഭ വിഹിതം 65 ലക്ഷം ഉൾപ്പെടുത്തി 1.30 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. താലൂക്ക് ആസ്ഥാന ആശുപത്രിക്ക് രണ്ട് കോടി, അർബൻ കുടുംബാരോഗ്യ കേന്ദ്രത്തിന് 50 ലക്ഷം, ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾക്ക് 50 ലക്ഷം, ആയുർവേദ, ഹോമിയോ ഡിസ്പെൻസറികൾക്ക് 50 ലക്ഷം, കർഷക ചന്ത, അഗ്രോ ക്ലിനിക്, കർഷക ക്ലബ് എന്നിവക്ക് 60 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തി. കൈവശക്കാർക്ക് ഭൂമിയുടെ ഉടമസ്ഥരേഖ കൈമാറും.