ചാലക്കുടി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂനിറ്റ് പ്രവർത്തനം വിപുലീകരിക്കും
text_fieldsചാലക്കുടി താലൂക്ക് ആശുപത്രി
ചാലക്കുടി: ഡയാലിസിസ് യൂനിറ്റിന്റെ പ്രവർത്തനം വിപുലീകരിക്കാൻ ചാലക്കുടി താലൂക്ക് ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം. ഇതിനായി പുതുതായി രണ്ട് ഡയാലിസിസ് യന്ത്രം കൂടി ലഭ്യമാക്കും. മൂന്ന് ഷിഫ്റ്റുകളിലായി ഡയാലിസിസ് നടത്തും. നിലവിൽ 36 പേരാണ് ഇപ്പോൾ ഇവിടെ രണ്ട് ഡയാലിസിസ് നടത്തുന്നത്. ഇതിന് 11 യന്ത്രം നിലവിലുണ്ട്. ഡയാലിസിസ് യൂനിറ്റിന്റെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്താൻ ഒരു നെഫ്രോളജി ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
താലൂക്ക് ആശുപത്രിയിലെ നിലവിലെ താൽക്കാലിക ജീവനക്കാർക്ക് 50 രൂപ വീതം വേതനം വർധിപ്പിച്ച് നൽകാൻ യോഗം തീരുമാനിച്ചു. 81 പേരാണ് നിലവിൽ താൽക്കാലിക ജീവനക്കാരായിട്ടുള്ളത്. നിലവിലുള്ള ട്രോമോകെയർ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പുതിയ ഒ.പി വിഭാഗത്തിന്റെ നിർമാണം നടത്താനും ഇവിടേക്ക് ലിഫ്റ്റ് സൗകര്യത്തോടെ അനുബന്ധ പ്രവൃത്തികൾ നടത്താനും തീരുമാനമെടുത്തു. താലൂക്ക് ആശുപത്രിയിൽ എക്സൈസ് വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന വിമുക്തി യൂനിറ്റിന്റെ പ്രവർത്തനം വിപുലപ്പെടുത്താനും തീരുമാനിച്ചു. നിലവിൽ 10 ബെഡുകളിലാണ് വിമുക്തി വിഭാഗത്തിൽ ഉള്ളത്.
അത് 30 ആക്കും. പഴയ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ മുകൾ നിലയിലാണ് വിമുക്തിയുടെ സൗകര്യം ഒരുക്കുക. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ പലപ്പോഴും സാധ്യമാവുന്നില്ല. പല കേസുകളും മെഡിക്കൽ കോളജിലേക്ക് വിടേണ്ടി വരുന്നത് പൊലീസ് സർജൻ തന്നെ പോസ്റ്റ്മോർട്ടം ചെയ്യേണ്ടതിനാലാണ്. ആയതിനാൽ ഒരു പൊലീസ് സർജനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു.
എച്ച്.എം.സി ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ ചെയർമാൻ ദിപു ദിനേശ്, വികസന കാര്യ ചെയർമാൻ ബിജു എസ്. ചിറയത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, കൗൺസിലർ കെ.വി. പോൾ, ജോജി, ഡോ. ജോസ് കുരിയൻ, അഡ്വ.പി.ഐ. മാത്യു തുടങ്ങിയവർ സംസാരിച്ചു.