മുന്നണികളെ മാറിമാറി പരീക്ഷിച്ച് ചാലക്കുടി
text_fieldsചാലക്കുടി: തൃശൂർ ജില്ലയുടെ തെക്കേയറ്റത്ത് എറണാകുളം ജില്ലയുമായും കിഴക്ക് വശത്ത് തമിഴ്നാടുമായും അതിർത്തി പങ്കിടുന്ന നിയമസഭ മണ്ഡലമാണ് ചാലക്കുടി. നഗരസഭയും ചാലക്കുടി താലൂക്കിലെ മറ്റ് ഏഴ് പഞ്ചായത്തുകളുമാണ് നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നത്. 2021ലെ കണക്കുകൾ പ്രകാരം ചാലക്കുടി മണ്ഡലത്തിൽ ഏകദേശം 1,92,929 വോട്ടർമാരാണുണ്ടായിരുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 74.26 ശതമാനമായിരുന്നു പോളിങ്. എന്നാൽ ഇവിടെ ഒരു മുന്നണിക്കും സ്ഥിരമായ കുത്തകയില്ല. ഇടതു മുന്നണിയെയും യു.ഡി.എഫിനെയും മാറി മാറി തുണച്ച രാഷ്ട്രീയ ചരിത്രമാണ് ചാലക്കുടിയിലേത്. വികസനവും സ്ഥാനാർഥികളുടെ വ്യക്തിപ്രഭാവവും വോട്ടർമാർ തെരഞ്ഞെടുപ്പിൽ മുൻഗണന നൽകുന്നു. ഇവിടെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള കടുത്ത മത്സരത്തിനൊപ്പം എൻ.ഡി.എയും അവരുടെ വോട്ടിങ് ശതമാനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്.
മൂന്ന് തവണ വിജയം കണ്ട എൽ.ഡി.എഫിലെ ബി.ഡി. ദേവസിയാണ് കൂടുതൽ കാലം ചാലക്കുടിയിൽ എം.എൽ.എയായത്. നാലാം വട്ടവും ഒരാൾക്ക് തന്നെ മത്സരിക്കാനാവില്ലെന്ന സി.പി.എമ്മിലെ നിബന്ധന പ്രകാരം കഴിഞ്ഞ തവണ ബി.ഡി. ദേവസി മാറിനിന്നതോടെ ഘടകകക്ഷിയായി വന്ന കേരള കോൺഗ്രസിന് സീറ്റ് കൈമാറി. അതോടെ ഇടതു പക്ഷത്തിന് ഭരണത്തുടർച്ച നഷ്ടപ്പെട്ടു. 2021ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി സനീഷ് കുമാർ ജോസഫ് 61,888 വോട്ടുകൾ (43.23%) നേടി മണ്ഡലം പിടിച്ചെടുത്തു.
എൽ.ഡി.എഫ് സ്ഥാനാർഥി കേരള കോൺഗ്രസ് എമ്മിലെ ഡെന്നീസ് കെ. ആന്റണിക്ക് 60,831 വോട്ടുകൾ (42.49 ശതമാനം) ലഭിച്ചു. വെറും 1,057 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സനീഷ് കുമാർ ജോസഫ് വിജയിച്ചത്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ഒന്നായിരുന്നു ഇത്. എൻ.ഡി.എ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് സ്ഥാനാർഥി കെ.എ. ഉണ്ണികൃഷ്ണൻ 17,301 വോട്ടുകൾ (12.09 ശതമാനം) നേടി മൂന്നാം സ്ഥാനത്തെത്തി. ഇത്തവണ മത്സര രംഗത്ത് യു.ഡി.എഫ് സനീഷ് കുമാർ ജോസഫിനെ തന്നെയാണ് രംഗത്തിറക്കിയത്. ചാലക്കുടി നഗരസഭയിൽ തുടർച്ചയായി കഴിഞ്ഞ അഞ്ചാം വട്ടവും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ബിജു എസ്. ചിറയത്തിനെ വെച്ച് ചാലക്കുടി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ് കേരള കോൺഗ്രസ് (എം). പുതിയ മുന്നണി സമവാക്യത്തിന്റെ അടിസ്ഥാനത്തിൽ എൻ.ഡി.എ ട്വന്റി 20യുടെ അഡ്വ. ചാർളി പോളിനെ രംഗത്തിറക്കിയിരിക്കുന്നു.


