കുറ്റിച്ചിറയിൽ നാലുപേരെ കടിച്ച നായ്ക്ക് പേവിഷബാധ
text_fieldsചാലക്കുടി: കുറ്റിച്ചിറയിൽ നാലുപേരെയും വളർത്തുമൃഗങ്ങളെയും കടിച്ച തെരുവുനായ്ക്ക് പേവിഷ ബാധ തെളിഞ്ഞു. മണ്ണുത്തി വെറ്ററിനറി കോളജിൽ നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയിലാണ് നായ്ക്ക് പേയുള്ളതായി വ്യക്തമായത്. ആരോഗ്യവിഭാഗം പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കടിയേറ്റവർ കഴിഞ്ഞ ദിവസം ചികിത്സ തേടിയിരുന്നു. കുറ്റിച്ചിറ സ്വദേശികളായ മരോട്ടി പറമ്പിൽ ശശി (67), തെക്കിനേത്ത് വർഗീസ് (60), ഐക്കരപറമ്പിൽ സുബ്രൻ ( 78), പെരേപ്പാടൻ ജോസ് (67) എന്നിവരെയാണ് നായ് കടിച്ചത്. അതേ സമയം, ഏതൊക്കെ മൃഗങ്ങൾക്കാണ് കടിയേറ്റതെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല. വ്യാഴാഴ്ച രാവിലെ കുറ്റിച്ചിറ വില്ലേജ് ജങ്ഷനിലാണ് നായുടെ പരാക്രമം ഉണ്ടായത്. ഇതിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
കോടശ്ശേരി പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ ശല്യം വർധിച്ചു വരികയാണെന്ന് പരാതിയുണ്ട്. പഞ്ചായത്തിൽ അലഞ്ഞ് തിരിയുന്ന നായ്ക്കളെ പിടികൂടണമെന്ന് കാരുണ്യ സോഷ്യൽ വർക്കിങ് ഗ്രൂപ് ഭാരവാഹികളുടെ അടിയന്തര യോഗം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. മറ്റ് നായ്ക്കളെയും കടിച്ച സാഹചര്യത്തിൽ ജനങ്ങൾ ഭയവിഹ്വലരാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. പ്രസിഡന്റ് കെ.എം. ജോസ് അധ്യക്ഷത വഹിച്ചു. ഡോ. ജോയ് കട്ടക്കയം, വർഗീസ് പൊറായി, ബേബി തച്ചേത്തുകുടി, ഓമന പോട്ടക്കാരൻ എന്നിവർ സംസാരിച്ചു.


