ചാലക്കുടിയിൽ മയക്കുമരുന്നുവേട്ട; നാലുപേർ പിടിയിൽ
text_fieldsചാലക്കുടി: മേഖലയിൽ പൊലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ നാലുപേർ പിടിയിലായി. സൗത്ത് ജങ്ഷനിൽനിന്ന് എം.ഡി.എം.എയുമായി രണ്ടുപേരും പോട്ടയിൽനിന്ന് കഞ്ചാവുമായി ഒരാളും ചാലക്കുടി മാർക്കറ്റ് റോഡിൽനിന്ന് നിരോധിത പുകയില ഉൽപന്നവുമായി ഒരാളുമാണ് അറസ്റ്റിലായത്.
ചാലക്കുടി സൗത്തിൽ പൊലീസ് ജീപ്പ് കണ്ട് ഓടിപ്പോകാൻ ശ്രമിച്ച പട്ടാമ്പി മുതുതല സ്വദേശി മുഹമ്മദ് ഫായിസ് (25), പാലക്കാട് തൃത്താല സ്വദേശി മുസ്തഫ (27) എന്നിവരെയാണ് എം.ഡി.എം.എയുമായി പിടികൂടിയത്.
പട്ടാമ്പി സ്വദേശി പുന്നാരംതൊടി മുഫീദിനെ (27) കഞ്ചാവുമായി പോട്ടയിൽനിന്ന് പിടികൂടി. കൊരട്ടി സ്വദേശി ബിജുവിനെ (48) ഹാൻസുമായി ചാലക്കുടി മാർക്കറ്റ് റോഡിൽനിന്ന് അറസ്റ്റ് ചെയ്തു.
ചാലക്കുടി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ. പ്രദീപ്, ഡ്രൈവർ എ.എസ്.ഐ ജിബി പി. ബാലൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബൈജു, സിവിൽ പൊലീസ് ഓഫിസർ ചഞ്ചൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.