ചാലക്കുടി 220 കെ.വി സ്റ്റേഷനിലെ തകരാർ; ടൗണിൽ വൈദ്യുതി തടസ്സപ്പെടുന്നു
text_fieldsചാലക്കുടി 220 കെ.വി സബ് സ്റ്റേഷൻ
ചാലക്കുടി: ടൗണിലും പരിസര പ്രദേശങ്ങളിലും ഇടക്കിടെ ഒരു മണിക്കൂറോളം വൈദ്യുതി തടസ്സപ്പെടുന്ന സംഭവം ആവർത്തിക്കുന്നതായി വ്യാപക പരാതി. വൈദ്യുതി തടസ്സം കുറച്ചു നാളുകളായി ചെറുകിട വ്യവസായ യൂനിറ്റുകളെയും വ്യാപാരികളെയും ദോഷകരമായി ബാധിക്കുകയാണ്.
വിഷയത്തിൽ വൈദ്യുതി സെക്ഷൻ ഓഫിസിൽ പരാതിപ്പെടുമ്പോൾ ചാലക്കുടി 220 കെ.വി. സബ് സ്റ്റേഷനിലെ തകരാർ മൂലമാണെന്നാണ് ബന്ധപ്പെട്ട അധികാരികൾ നൽകുന്ന മറുപടി. പല തവണ ജീവനക്കാരും തൊഴിലാളി സംഘടനകളും പരാതിപ്പെട്ടിട്ടും ഈ വിഷയത്തിൽ ഒരു പരിഹാരവും ഉണ്ടാകുന്നില്ല. സബ് സ്റ്റേഷൻ എക്സിക്യൂട്ടിവ് എൻജിനീയർക്ക് രേഖാമൂലം കത്ത് നൽകിയിട്ടുപോലും പരിഹാരം ഉണ്ടാകുന്നില്ല എന്ന് തൊഴിലാളി സംഘടനകളും പറയുന്നു. ഈ പ്രശ്നങ്ങൾ വിതരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അധിക ജോലിഭാരം വരുത്തി വെക്കുന്നുമുണ്ട്.
അവരുടെ സുരക്ഷയെയും കാര്യമായി ബാധിക്കുന്നുണ്ട്. ചാലക്കുടി പട്ടണത്തിൽ അടിക്കടി ഒരു മണിക്കൂർ സമയം വൈദ്യുതി വിതരണം തടസ്സപ്പെടുന്നതുമൂലം കെ.എസ്.ഇ.ബിക്ക് വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നുണ്ട്.
ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ശക്തമായ ആവശ്യം ഉയരുന്നു. 75 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചാലക്കുടിയിലെയും പരിസര പ്രദേശങ്ങളിലും വൈദ്യുതി തടസ്സം പരമാവധി ഒഴിവാക്കാൻ വേണ്ടി 2021ൽ ഉദ്ഘാടനം ചെയ്തതാണ് 220 കെ.വി സബ് സ്റ്റേഷൻ. ഇതിന്റെ പ്രയോജനം ചാലക്കുടി പട്ടണത്തിന് ലഭിക്കാത്ത സ്ഥിതിവിശേഷവും ഉണ്ടായിരിക്കുകയാണ്.


