ചാലക്കുടി മേഖലയിൽ മൂന്നിടത്ത് തീപിടിത്തം
text_fieldsകോടശ്ശേരി വെട്ടിക്കുഴിയിൽ തീയണക്കുന്ന അഗ്നിരക്ഷാ സേന
ചാലക്കുടി: വേനൽക്കാലത്തിന്റെ തുടക്കമായതോടെ ചാലക്കുടി മേഖലയിൽ തീപിടിത്തം വർധിക്കുന്നു. ബുധനാഴ്ച മൂന്നിടത്ത് തീപിടിത്തം ഉണ്ടായി. ആദ്യം മേലൂരിലും കോടശ്ശേരിയിലുമാണ് തീപിടിത്തമുണ്ടായത്. പിന്നീട് തൃശൂർ റൂട്ടിൽ വെള്ളാഞ്ചിറ റെയിൽവേ ഗേറ്റിന് അടുത്ത് കാൽവരിക്കുന്ന് പള്ളിക്ക് എതിർ വശത്തായി റെയിൽവേ ലൈനിനോട് ചേർന്ന് തീ പിടിക്കുകയും അഗ്നിരക്ഷാസേന എത്തി തീയണക്കുകയും ചെയ്തു.
ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ചാലക്കുടി റെയിൽവേ സ്റ്റേഷൻ മാസ്റ്റർ അറിയിച്ചതിനെ തുടർന്നാണ് സേന സംഭവസ്ഥലത്ത് എത്തിയത്. മുരിങ്ങൂർ ബി.ആർ.ഡിക്കു എതിർവശം ദേശീയ പാതയുടെ അരികിൽ നിന്നിരുന്ന ഉണങ്ങിയ പുല്ലിന് തീ പിടിച്ചു. കോടശ്ശേരി പഞ്ചായത്ത് വാർഡ് 8ൽ ചായ്പൻകുഴി വെട്ടിക്കുഴി ഭാഗത്ത് പോളി എന്നയാളുടെ ഏകദേശം രണ്ട് ഏക്കറോളം വരുന്ന പറമ്പിലും തീപിടിത്തം ഉണ്ടായി.
രണ്ടിടത്തും ചാലക്കുടി അഗ്നിരക്ഷാ സേനാ എത്തി തീ അണച്ചു. സ്റ്റേഷൻ ഓഫിസർ ബി. രാജേഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.ഒ. വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ സേന അംഗങ്ങളായ എ.വി. രെജു, അനിൽ മോഹൻ, പി. സന്ദീപ്, വി.എൻ. അരുൺ, പി.എസ്. സന്തോഷ് കുമാർ, പി.ആർ. രതീഷ്, രോഹിത്ത് കെ. ഉത്തമൻ, വി.എൻ. അരുൺ, ഹോം ഗാർഡ് പി.എം. മജീദ് എന്നിവർ ചേർന്ന് തീ അണച്ചു. ചൊവ്വാഴ്ചയും ചാലക്കുടിയിൽ രണ്ടിടത്ത് തീപിടിത്തം സംഭവിച്ചിരുന്നു.


