അടച്ചുപൂട്ടിയിട്ടും അപകടം ഒഴിയാതെ ആശ്രമം കവല
text_fieldsപോട്ട ആശ്രമം കവലയിൽ തിങ്കളാഴ്ച ബസും ബൈക്കും കൂട്ടിയിടിച്ച നിലയിൽ
ചാലക്കുടി: അപകടം ഒഴിവാക്കാൻ അടച്ചുപൂട്ടിയിട്ടും അപകടം വിട്ടൊഴിയാതെ ആശ്രമം കവല. എത്രയും പെട്ടെന്ന് അടിപ്പാത നിർമാണം ആരംഭിക്കണമെന്നാണ് ആവശ്യം. തിങ്കളാഴ്ച കെ.എസ്.ആർ.ടി.സി ബസ് തട്ടി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഉച്ചക്ക് ഒന്നോടെയാണ് അപകടം ഉണ്ടായത്.
പോട്ട സിഗ്നൽ സ്റ്റോപ്പിൽ ബസ് നിർത്താനൊരുങ്ങുമ്പോഴാണ് അപകടം. വലതു വശത്തിലൂടെ ഓവർ ടേക്ക് ചെയ്ത് പോവുകയായിരുന്നു ബൈക്ക്. ബൈക്കുകാരൻ ബസിന്റെ മുമ്പിലൂടെ വീണ്ടും ഇടത്തോട്ട് ഒതുക്കിയപ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ യാത്രക്കാരനെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോട്ട ആശ്രമം ജങ്ഷനിലെ ക്രോസിങ് അടച്ചുപൂട്ടിയതിനെ തുടർന്ന് മെയിൻ റോഡിലൂടെ തൃശൂർ ദിശയിലേക്കുള്ള വാഹനങ്ങളും ചാലക്കുടി ദിശയിലേക്കുള്ള വാഹനങ്ങളും കിഴക്കുവശത്തെ സർവിസ് റോഡിലൂടെയാണ് വരുന്നത്.
രണ്ടു വാഹനങ്ങൾ സുഗമമായി കടന്നുപോകാനുള്ള വീതി റോഡിന് ഇല്ലെന്നതാണ് പ്രശ്നം. ആശ്രമം കവലയിലും സുന്ദരി കവലയിലും ബസുകൾക്ക് സ്റ്റോപ്പുകളുണ്ട്. എന്നാൽ സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കാൻ ബസ് നിർത്തുമ്പോൾ വീതിയില്ലാത്തതിനാൽ റോഡിൽ ഗതാഗതക്കുരുക്ക് രൂപം കൊണ്ട് അപകടത്തിന് വഴിയൊരുക്കുകയാണ്.
അപകടത്തെ തുടർന്ന് ആശ്രമം ജങ്ഷൻ അടച്ചുപൂട്ടിയിട്ടും അപകടം സംഭവിക്കുന്നുവെന്നത് പ്രദേശവാസികളിലും യാത്രക്കാരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അപകടം ഏറെ നടന്നിട്ടും ഈ ജങ്ഷനിൽ കാമറ സ്ഥാപിക്കാത്തതും നിയന്ത്രിക്കാൻ പൊലീസ് ഇല്ലാത്തതും പ്രശ്നങ്ങൾക്ക് കാരണമാണ്.
അകലെനിന്ന് വരുന്ന വാഹനങ്ങൾക്ക് ഹൈവേ ഓരത്ത് വളർന്നു നിൽക്കുന്ന മരങ്ങൾ കാരണം സിഗ്നൽ കാണാൻ സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇത് നാട്ടുകാർ ഉന്നയിച്ചിട്ടും നടപടി ഉണ്ടായില്ല. കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെയാണ് പോട്ട ആശ്രമം ജങ്ഷൻ അടച്ചു പൂട്ടിയതെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. ഇപ്പോഴും കാൽനടക്കാർ റോഡ് മുറിച്ചു കടക്കുന്നുണ്ട്. അധികൃതർ സുരക്ഷാസംവിധാനങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല. എത്രയും പെട്ടെന്ന് അടിപ്പാത നിർമിക്കുകയും പൊലീസ് സാന്നിധ്യം ഏർപ്പെടുത്തണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.