മേഖലയിൽ ഭീതി പടർത്തി ഏഴാറ്റുമുഖം ഗണപതി
text_fieldsവെട്ടിക്കുഴിയിൽ എത്തിയ ഏഴാറ്റുമുഖം ഗണപതി
ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ വെട്ടിക്കുഴി, ചൂളക്കടവ് ജനവാസമേഖലയിലെ കൃഷിക്കും മനുഷ്യ ജീവനും ഭീഷണിയായ ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടാനയെ എത്രയും വേഗം മേഖലയിൽനിന്ന് മാറ്റിപ്പാർപ്പിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഏഴാറ്റുമുഖം ഭാഗത്തുമാത്രം കണ്ടുവരുന്ന ഈ കാട്ടാന ഈ പ്രദേശങ്ങളിലും തുടർച്ചയായി എത്തുകയാണ്. വന്യമൃഗശല്യം മൂലം ജീവിതം വഴിമുട്ടിയ പ്രദേശവാസികളുടെ ജീവിതം കൂടുതൽ ദുരിതമയമായിരിക്കുകയാണ്.
വെട്ടിക്കുഴി, രണ്ടുകൈ, ചൂളക്കടവ് റോഡിലൂടെ രാവും പകലും കാട്ടാനയുടെ വിളയാട്ടമാണ്. ഇതുമൂലം സ്ത്രീകളും കുട്ടികളുമടക്കം ഏറെ ഭീതിയോടെയാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. റോഡിന്റെ ഒരു വശം വനം വകുപ്പ് ചങ്ങലയിട്ട് പൂട്ടിയതിനാൽ കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെടാനും ബുദ്ധിമുട്ടുണ്ട്. ജനങ്ങൾക്ക് തീരാശല്യമായ അരിക്കൊമ്പനെ ഒഴിപ്പിച്ചതു പോലെ ഈ പ്രദേശത്തു നിന്നും ഏഴാറ്റുമുഖം ഗണപതിയെ മാറ്റി പാർപ്പിക്കണമെന്ന് നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു.
കൂടാതെ റോഡിലെ ചങ്ങല മാറ്റണമെന്നും ദുരിതം അനുഭവിക്കുന്ന കർഷകർക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്നും കാടുപിടിച്ച പറമ്പുകൾ വെട്ടിത്തെളിക്കണമെന്നും ഫെൻസിങ് തകരാറ് പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജയിംസ് യോഗം ഉദ്ഘാടനം ചെയ്തു. ടി.ബി. ദേവരാജൻ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് ലാൽ, ടി.ബി. സത്യൻ, അനിൽ വഴുതലക്കാട്ട്, ഷൈലജ പ്രകാശൻ എന്നിവർ സംസാരിച്ചു.