ജോസേട്ടൻ: വാനിൽ നിറക്കൂട്ട് ഒരുക്കിയ ചാലക്കുടിക്കാരൻ
text_fieldsജോസ്
ചാലക്കുടി: തൃശൂർ പൂരത്തിന് വാനിൽ വർണവിസ്മയമൊരുക്കിയ ചാലക്കുടിക്കാരൻ പുതുശ്ശേരി കാട്ടാളൻ ജോസ് ഓർമയായി. പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ചതാണ് ആനമല ജങ്ഷനിൽ ചാലക്കുടി ടൗൺ ജുമാമസ്ജിദ് ബിൽഡിങ്ങിലെ ജോസേട്ടന്റെ പടക്കക്കട. ആഘോഷങ്ങൾ ഏതുമാകട്ടെ കളറാക്കാൻ ജോസേട്ടന്റെ കടയാണ് അന്നുമുതൽ ഏക ആശ്രയം. വിഷുവിന് ഒരാഴ്ച മുമ്പേ പടക്കവും കമ്പിത്തിരിയും വാങ്ങാൻ ജോസേട്ടന്റെ കടയിൽ തിരക്കേറും. വിഷുത്തലേന്ന് പകലും രാത്രിയും കടയുടെ സമീപത്തെത്താൻ പറ്റാത്തത്ര തിരക്കാവും.
സമീപകാലത്താണ് ടൗൺ മസ്ജിദിന്റെ മുൻവശത്തെ കെട്ടിടത്തിൽനിന്ന് തൊട്ടടുത്ത കോംപ്ലക്സിലേക്ക് മാറിയത്. 86ാം വയസ്സിലും പ്രായത്തിന്റെ ക്ഷീണമില്ലാതെ പടക്കക്കടയിൽ എത്തിയിരുന്നു. ചാലക്കുടി ആനമല ജങ്ഷനിലെ ലാൻഡ് മാർക്കുകളിലൊന്നാണ് ഈ പടക്കക്കട. പ്രധാന ക്രൈസ്തവ ദേവാലയങ്ങളിലെയും ക്ഷേത്രങ്ങളിലെയും പള്ളിപ്പെരുന്നാളുകൾക്കും ഉത്സവങ്ങൾക്കും വെടിക്കെട്ടുകൾക്ക് നേതൃത്വം നൽകിയതോടെയാണ് ജോസ് വെടിക്കെട്ട് കലയിൽ ശ്രദ്ധേയനായത്. തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഏറ്റെടുത്തതോടെ പുതുശേരി കാട്ടാളൻ ജോസിന്റെ കരിമരുന്ന് കലയെ കേരളം മുഴുവൻ അഭിനന്ദിച്ചു. തൊണ്ണൂറുകളിൽ പോട്ട ആശ്രമത്തിന് സമീപത്തെ ജോസിന്റെ വീടിന് പിന്നിലെ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ ചാലക്കുടിയെ ഞെട്ടിച്ച വൻ സ്ഫോടനമുണ്ടായി. അതിൽ ഒരാൾ മരിക്കുകയും കുറച്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
എൺപതുകളിൽ ചാലക്കുടി മെയിൻ റോഡിലെ അപകടത്തിൽ സ്കൂൾ വിദ്യാർഥിയായ മകൻ സജിയുടെ ജീവൻ പൊലിഞ്ഞതും ജോസിന്റെ ജീവിതത്തെ ദു:ഖത്തിലാഴ്ത്തിയ സംഭവങ്ങളായിരുന്നു. ഭാര്യ കുറ്റിക്കാട് സെബാസ്റ്റ്യൻസ് സ്കൂളിലെ റിട്ട. അധ്യാപികയായ മേരി കുറച്ചു വർഷം മുമ്പ് മരിച്ചിരുന്നു.