ചാലക്കുടിയിൽ കെണിയൊരുക്കി, പുലിക്കായി കാത്തിരിപ്പ്
text_fieldsപുലിയെ പിടികൂടാൻ വനപാലകർ ചാലക്കുടിയിൽ കെണി സ്ഥാപിക്കുന്നു
ചാലക്കുടി: പുലിയെ പിടികൂടാൻ വനപാലകർ ചാലക്കുടിയിൽ കെണിയൊരുക്കി. പുലി സാന്നിധ്യം സ്ഥിരീകരിച്ച കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിന്റെ വെടിക്കെട്ട് നടക്കാറുള്ള ആൾപ്പെരുമാറ്റം കുറഞ്ഞ പറമ്പിലാണ് കൂട് സ്ഥാപിച്ചത്. ഇവിടെ പുലിയുടെ കാൽപ്പാടുകൾ ധാരാളമായി പതിഞ്ഞിട്ടുണ്ട്. ചാലക്കുടിപ്പുഴയോട് ചേർന്ന പ്രദേശമാണിത്.
പുഴയോരത്തെ കാടുപിടിച്ച പ്രദേശത്ത് പുലിക്ക് താവളമാക്കാൻ വേണ്ടത്ര ഇടങ്ങളുണ്ട്. കൊരട്ടിയിൽനിന്നാണ് പുലി എത്തിയതെങ്കിൽ ചാലക്കുടിപ്പുഴയിലൂടെ ഈ ഭാഗത്ത് കൂടിയാവാം വന്നതെന്ന് കരുതുന്നു. കണ്ണമ്പുഴ ക്ഷേത്രം റോഡിലൂടെ 100 മീറ്ററോളം നടന്നാൽ പുലി കാമറയിൽ പതിഞ്ഞ രാമ നാരായണന്റെ വീട് കാണാം.
കണ്ണമ്പുഴ ക്ഷേത്രത്തിന് സമീപത്തെ ഈ പറമ്പിൽ സ്ഥാപിച്ചാൽ പുലി കുടുങ്ങാനിടയുണ്ടെന്നാണ് കരുതുന്നത്. വ്യാഴാഴ്ച വൈകീട്ട് ചാലക്കുടി സി.എഫ്.ഒ വെങ്കിടേശിന്റെയും റേഞ്ച് ഓഫിസർ ആൽബിന്റെയും നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്. ആർ.ആർ.ടി സംഘവും, വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. സനീഷ് കുമാർ ജോസഫ് എം.എൽ.എ, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി, നഗരസഭ അംഗങ്ങളായ വി.ഒ. പൈലപ്പൻ, വി.ജെ. ജോജി തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
പുലിഭീതിയെ തുടർന്ന് കൊരട്ടിയിൽ മാർക്കറ്റിന് പിൻവശത്ത് സ്ഥാപിച്ച കൂട് ചാലക്കുടിയിലേക്ക് കൊണ്ടുവരികയായിരുന്നു. ആടിനെയാണ് ഇവിടെയും ഇരയായി വച്ചിട്ടുള്ളത്. അവിടുത്തെ കൂട് ചാലക്കുടിയിൽ കൊണ്ടുപോയതിനെ തുടർന്ന് കൊരട്ടിയിൽ നാട്ടുകാർക്ക് ചെറിയ പ്രതിഷേധമുണ്ട്.