എലിഞ്ഞിപ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെ ക്വാർട്ടേഴ്സ് അപകടാവസ്ഥയിൽ
text_fieldsഎലിഞ്ഞിപ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ജീർണാവസ്ഥയിലായ ജീവനക്കാരുടെ ക്വാർട്ടേഴ്സ്
ചാലക്കുടി: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എലിഞ്ഞിപ്ര കുടുംബാരോഗ്യ കേന്ദ്രത്തിന് പിന്നിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സ് അപകടാവസ്ഥയിൽ. ജീവനക്കാരുടെ താമസ കേന്ദ്രങ്ങൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റുകൾ നശിച്ച് കെട്ടിടത്തിന് മുകളിൽ വെള്ളം കെട്ടി നിൽക്കുകയാണ്.
പഴക്കമേറെയുള്ള കെട്ടിടത്തിന്റെ ചുമരുകളിലേക്ക് വെള്ളമിറങ്ങി വലിയ കേടുപാടുകൾ ഇതിനകം സംഭവിച്ചു കഴിഞ്ഞു. പിൻ ഭാഗത്തെ രണ്ട് കെട്ടിടങ്ങളുടെ മുകളിലേക്ക് വൻവൃക്ഷങ്ങളും പന്തലിച്ച് നിൽക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം ഇതിന് സമീപം ആശുപത്രിയുടെ മതിൽ ഇടിഞ്ഞ് വീഴുകയുണ്ടായി.
ആശുപത്രി മതിലിനോട് ചേർന്നാണ് ഈ രണ്ടു കെട്ടിടങ്ങളും റോഡും സ്ഥിതിചെയ്യുന്നത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും അല്ലാത്ത പക്ഷം അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന അവസ്ഥയാണുള്ളതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി. വി. ആന്റണി, ആശുപത്രി വികസന സമിതി അംഗം വിൽസൻ മേച്ചേരി എന്നിവർ പറഞ്ഞു.