ശാപമോക്ഷം ലഭിക്കാതെ ചട്ടിക്കുളം ട്രാംവെ റോഡ്
text_fieldsചട്ടിക്കുളം ട്രാംവെ റോഡ് താഴൂർ മേഖലയിൽ തകർന്ന നിലയിൽ
ചാലക്കുടി: ചട്ടിക്കുളം ട്രാംവെ റോഡ് അറ്റകുറ്റപ്പണി വൈകുന്നതിനാൽ യാത്രക്കാർക്ക് ദുരിതയാത്ര. കോടശ്ശേരി പഞ്ചായത്തിന്റേതെന്ന് ജില്ല പഞ്ചായത്തും ജില്ല പഞ്ചായത്തിന്റേതെന്ന് കോടശ്ശേരി പഞ്ചായത്തും ഉടമസ്ഥാവകാശത്തെ ചൊല്ലി കൈയൊഴിയുന്ന ഈ റോഡിന് യാത്രക്കാർക്ക് എന്നും ദുരിതം സമ്മാനിച്ച ചരിത്രമാണ് ഉള്ളത്. കുട്ടാടൻചിറ മുതൽ മണലായി വരെയുള്ള മൂന്ന് കിലോ മീറ്റർ ഭാഗമാണ് റോഡ് കുണ്ടും കുഴിയുമായി പാടെ പൊളിഞ്ഞ് കിടക്കുന്നത്.
കോടശ്ശേരി പഞ്ചായത്ത് ഓഫിസ് സ്ഥിതി ചെയ്യുന്ന ചട്ടിക്കുളത്തേക്കും വെള്ളിക്കുളങ്ങരയിലേക്കും കുറ്റിച്ചിറ, ചായ്പൻകുഴി മേഖലയിലേക്ക് ചാലക്കുടിയിൽനിന്ന് നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന റോഡാണ് ഇത്. റോഡ് നന്നാക്കണമെന്ന ആവശ്യം അധികാരികൾ അവഗണിക്കുകയാണ്. ജലനിധിയുടെ വകയായ ഫണ്ട് ചെലവഴിച്ച് റോഡ് നന്നാക്കാമെന്ന് പറയുന്നുണ്ടെങ്കിലും അനിശ്ചിതമായി നീളുകയാണ്.
ബ്രിട്ടീഷുകാരുടെ കാലത്ത് ട്രാംവെ കടന്നുപോയ ഭാഗമാണ് പിന്നീട് റെയിലുകൾ പൊളിച്ചുനീക്കി റോഡാക്കി മാറ്റിയത്. ചില ഭാഗങ്ങളിലെ കൈയേറ്റം ഒഴിവാക്കിയാൽ വീതിയേറിയ റോഡാണ്. മാത്രമല്ല, ഇത്രയേറെ നേർരേഖയിലൂടെ കടന്നുപോകുന്ന റോഡ് വേറെയില്ലെന്ന് പറയാം. ചാലക്കുടിയിൽനിന്ന് കുറഞ്ഞ സമയം കൊണ്ട് ചട്ടിക്കുളത്ത് എത്താം. എന്നാൽ, വഴി കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണം ജലനിധിയുടെ ഭാഗമായ കുഴിയെടുക്കൽ കൂടിയാണ്. പൈപ്പിടാൻ വേണ്ടി രാത്രിയിൽ വന്നാണ് തോടുകീറിയത്.
വശങ്ങളിൽ സ്ഥലമുണ്ടായിട്ടും യാതൊരു വകതിരിവുമില്ലാതെ പലയിടത്തും റോഡിന് നടുവിലൂടെയാണ് പൈപ്പ് വലിച്ചത്. ഇക്കാര്യത്തിൽ മേൽനോട്ടം കൊടുക്കേണ്ട കോടശ്ശേരി പഞ്ചായത്ത് അധികാരികൾ ജാഗ്രത പുലർത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു. ഒരു വർഷത്തിലേറെ ദുർഘടമായി കിടക്കുകയാണ് റോഡ്. സഹിക്കെട്ട നാട്ടുകാർ നായരങ്ങാടിയിലെ വള്ളത്തോൾ വായനശാലയുടെ നേതൃത്വത്തിൽ മുൻകൈയെടുത്ത് പണം മുടക്കി റോഡിൽ മെറ്റലിട്ട് കുഴിയടച്ചിരുന്നു. പക്ഷേ, ശക്തമായ മഴ വന്നപ്പോൾ റോഡ് പഴയ അവസ്ഥയിലായി.