ചാലക്കുടി ബാങ്ക് കവർച്ച; അന്വേഷണത്തിന് പ്രത്യേക സംഘം
text_fieldsപോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ നിയമിച്ച സെക്യൂരിറ്റി ഗാർഡ്
ചാലക്കുടി: പോട്ട ഫെഡറൽ ബാങ്ക് ശാഖയിലെ കവർച്ച പ്രത്യേക സംഘം അന്വേഷിക്കും. ചാലക്കുടി ഡിവൈ.എസ്.പി കെ. സുമേഷിന്‍റെ നേതൃത്വത്തിലുള്ള ടീമാണ് കേസ് അന്വേഷിക്കുക.
തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി രൂപം നൽകിയ പ്രത്യേക സംഘത്തിൽ ഇൻസ്പെക്ടർമാരായ ചാലക്കുടി സ്റ്റേഷനിലെ എം.കെ. സജീവ് (ചാലക്കുടി), അമൃത് രംഗൻ (കൊരട്ടി), പി.കെ. ദാസ് (കൊടകര), വി. ബിജു (അതിരപ്പിള്ളി), സബ് ഇൻസ്പെക്ടർമാരായ എൻ. പ്രദീപ്, സി.എസ്. സൂരജ്, സി.എൻ. എബിൻ, കെ. സലീം, പി.വി. പാട്രിക് എന്നിവരും ജില്ല ക്രൈം സ്ക്വാഡും സൈബർ ജില്ല സ്പെഷൽ സ്ക്വാഡും അടക്കം 25ഓളം പേരാണുള്ളത്.
സുരക്ഷ ജീവനക്കാരനെ നിയമിച്ചു
ചാലക്കുടി: പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ സെക്യൂരിറ്റി ജീവനക്കാരനെ നിയമിച്ചു. താൽക്കാലികമായി പൊലീസ് കാവലുമുണ്ട്. നേരത്തേ മുതൽ ബാങ്കിൽ സുരക്ഷാജീവനക്കാരൻ ഉണ്ടായിരുന്നില്ല. ഇക്കാരണത്താൽ ബാങ്കിനെതിരെ ഇടപാടുകാർ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഓഫിസിനുള്ളിൽ പ്യൂൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്രതീക്ഷിതമായി കവർച്ചക്കാരൻ വന്നപ്പോൾ ഇയാൾ ഭയന്നുപോയി.
ചെറിയ ചെറുത്തുനിൽപിനുപോലും കഴിയുന്ന പരിശീലനം ഇയാൾക്ക് ഉണ്ടായിരുന്നില്ല. ഈ സാധ്യത മനസ്സിലാക്കിയ ആളായിരുന്നിരിക്കണം കവർച്ചക്കാരൻ. അതിനാൽ ചെറിയ കറിക്കത്തി മാത്രം കാണിച്ച് 15 ലക്ഷത്തോളം രൂപ കവർന്ന് നിഷ്പ്രയാസം കടന്നുകളയാൻ ഇതുമൂലം സാധിച്ചു. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പരിശീലനം ലഭിച്ച ആരും ബാങ്കിൽ ഉണ്ടായിരുന്നില്ല. അപായ സൈറൺ പോലും മുഴക്കാൻ കഴിഞ്ഞില്ല. മോഷണവിവരം ബാങ്കിന് പുറത്തുള്ളവർ അറിയുന്നത് വളരെ കഴിഞ്ഞാണ്. പണ്ട് ബാങ്കുകളിലെല്ലാം സെക്യൂരിറ്റി ജീവനക്കാർ നിർബന്ധമായിരുന്നു. ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പലരും സെക്യൂരിറ്റി ഗാർഡുകളെ പിരിച്ചുവിട്ടു.