കോട്ടാറ്റ് പാടശേഖരത്തിൽ നീലക്കോഴികൾ നെൽകൃഷി നശിപ്പിക്കുന്നു
text_fieldsകോട്ടാറ്റ് പാടത്ത് നീലക്കോഴികൾ നെൽകൃഷി നശിപ്പിച്ച ഭാഗങ്ങൾ
ചാലക്കുടി: നീലക്കോഴികൾ നെൽകൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ പടിഞ്ഞാറേ ചാലക്കുടി കോട്ടാറ്റ് പാടശേഖരത്തിലെ കർഷകർ ദുരിതത്തിലായി. കണ്ടങ്ങളിൽ ഇവ വെട്ടിനശിപ്പിച്ച സ്ഥലത്തെ ശൂന്യമായ വൃത്തങ്ങളിലേക്ക് നോക്കി നെടുവീർപ്പിടുകയാണ് കർഷകർ. പാടത്ത് നെൽച്ചെടികൾ വളർച്ചയെത്തിയതോടെയാണ് നീലക്കോഴികൾ കൂട്ടത്തോടെ വന്നെത്തിയത്. അവ നെൽച്ചെടിയുടെ ഇളം തലപ്പുകൾ നശിപ്പിക്കുകയാണ്. മറ്റ് ദുരിതങ്ങൾക്കിടയിൽ വലിയ നഷ്ടമാണ് കർഷകർക്ക് സംഭവിക്കുന്നത്.
രാവും പകലും കാത്തിരുന്ന് നീലക്കോഴികളെ തുരത്തി കൃഷി സംരക്ഷിക്കാനുള്ള കർഷകരുടെ ശ്രമം വൃഥാവിലാണ്. ഓടിച്ചു വിട്ടാലും നിമിഷ നേരം കൊണ്ട് ഇവ പൂർവാധികം ആവേശത്തോടെ തിരിച്ചെത്തും. പാടത്ത് റിബൺ കെട്ടിയും പാട്ട കൊട്ടി ഭയപ്പെടുത്തി ഓടിക്കാനും ശ്രമിക്കുന്നുവെങ്കിലും വിജയിക്കുന്നില്ല. പല കണ്ടങ്ങളിലും തുടക്കത്തിൽ നശിപ്പിച്ച കൃഷി പകരം ഞാറ് നട്ട് കർഷകർ പരിഹരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ നെൽച്ചെടികൾ വളർച്ചയെത്തിയതിനാൽ പുതിയ ഞാറ് നടുക ഇനി പ്രായോഗികമല്ല.
കൃഷി നശിപ്പിക്കുന്ന നീലക്കോഴികളെ ഉന്മൂലനം ചെയ്യാൻ കർഷകർക്ക് പരിമിതിയുണ്ട്. വന്യമൃഗ സംരക്ഷണ നിയമങ്ങൾ കർശനമായതിനാൽ നീലക്കോഴികളെ കൊല്ലാനാവില്ല. കോട്ടാറ്റ് പാടത്ത് കർഷകർ നിസ്സഹായവസ്ഥയിലാണ്. 300 ൽ പരം ഏക്കറിലെ നെൽ കൃഷി തുടർന്നു കൊണ്ടു പോകാനാവാത്ത സ്ഥിതിയിലാണ്. ചാലക്കുടിയുടെ നെല്ലറയായ കോട്ടാറ്റ് പാടശേഖരത്തിൽ സമീപകാലത്താണ് വിനാശകാരികളായ നീല കോഴികൾ വന്നെത്തിയത്.
കളിമൺ മാഫിയ മണ്ണെടുത്ത ഗർത്തങ്ങളിലെ കാടുകളിലാണ് ഇവ കൂടുകെട്ടി താമസിക്കുന്നത്. ഇവിടെ അവ മുട്ടയിട്ട് പെരുകുകയാണ്. കൃഷിയിടത്തിന് സമീപത്ത് ഇവയുടെ ആവാസ മേഖലയായ കുറ്റിക്കാടുകൾ വെട്ടി വൃത്തിയാക്കുകയാണെങ്കിൽ ഇവയുടെ ഉപദ്രവം ഒരു പരിധി വരെ കുറയ്ക്കാം. അതുപോലെ കോഴികൾ വരാതെ ഇവ വലയിട്ട് സംരക്ഷിക്കുന്നതും പരിഹാരമാണ്. എന്നാൽ, ഈ വിഷയത്തിൽ അധികാരികൾ മനസ് വച്ചാലേ കോട്ടാറ്റ് പാടശേഖരത്തിലെ കാർഷിക പ്രതിസന്ധി തരണം ചെയ്യാനാവൂ.