നവീകരിച്ച ചാലക്കുടി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം വൈകുന്നു
text_fieldsനവീകരിച്ച ചാലക്കുടി റെയിൽവേ സ്റ്റേഷൻ
ചാലക്കുടി: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ചാലക്കുടി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം വൈകുന്നു. ആഗസ്റ്റിൽ തുറന്നുകൊടുക്കുമെന്ന് പറഞ്ഞിരുന്നത് സെപ്റ്റംബറിലേക്ക് നീട്ടി. ശേഷം ഒക്ടോബറിലേക്ക് മാറ്റി.
വീണ്ടും നീളുമെന്നാണ് ഇപ്പോഴത്തെ സൂചന. നവീന രീതിയിലുള്ള കവാടങ്ങൾ നിർമിച്ച് ചാലക്കുടിൈറയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലാണ് നവീകരണങ്ങൾ നടക്കുന്നത്. രണ്ടു വർഷത്തിലേറെയായി നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരമുള്ള ചാലക്കുടി റെയിൽവേ സ്റ്റേഷൻ നവീകരണം ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. 4.5 കോടി രൂപയാണ് തുടക്കത്തിൽ നവീകരണത്തിന് അനുവദിച്ചിരുന്നത്. പിന്നീട് ഒരു കോടിയിലേറെ കൂടുതലായി അനുവദിച്ചു.
പ്ലാറ്റ് ഫോമിലെ മേൽക്കൂര മാറ്റൽ, സീലിങ് സ്ഥാപിക്കൽ, വിശ്രമമുറികളുടെ നവീകരണം, ശൗചാലയ നിർമാണം, പാർക്കിങ് സൗകര്യം ഏർപ്പെടുത്തൽ തുടങ്ങിയ ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങളും മാറ്റി. ടിക്കറ്റ് കൗണ്ടർ മോടി പിടിപ്പിച്ചു. മുൻ ഭാഗത്തെ ഓട്ടോ, ടാക്സി പാർക്കിങ് മാറ്റി, പകരം യാത്രക്കാരുടെ വാഹന പാർക്കിങ് മേൽക്കൂരക്ക് അകത്താക്കി. പുതിയ എൽഇഡി ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിച്ചു.
അതേ സമയം നവീകരണം സംബന്ധിച്ച് പരാതികളും ഉണ്ട്. ഒന്നാം നമ്പർ പ്ലാറ്റുഫോമിൽനിന്ന് രണ്ടാം നമ്പറിലേക്കും മൂന്നാം നമ്പറിലേക്കും വയോധികരായ യാത്രക്കാർക്ക് അടക്കം സഞ്ചരിക്കാൻ എസ്കലേറ്ററോ ലിഫ്റ്റോ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല.
കൊടുങ്ങല്ലൂർ, മാള തുടങ്ങിയ പടിഞ്ഞാറൻ മേഖലയിൽ നിന്നും കൊരട്ടി, മേലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും അതിരപ്പിള്ളി, പരിയാരം, കോടശ്ശേരി തുടങ്ങിയ മലയോര മേഖലയിൽ നിന്നും നിരവധി യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണ് ചാലക്കുടി. ആവശ്യത്തിന് തീവണ്ടികൾ നിർത്തുന്നില്ലെന്ന പരാതിയുമുണ്ട്. ചെറിയ സ്റ്റേഷനുകളിൽ പോലും നിർത്തുന്ന പാലരുവി അടക്കമുള്ള തീവണ്ടികൾക്ക് സ്റ്റോപ്പില്ലെന്നത് ദയനീയമാണ്. കൂടാതെ ചില ട്രെയിനുകൾ മടക്ക സ്റ്റോപ്പുകളും ഇല്ലാത്ത അവസ്ഥയുണ്ട്.


