പുലി ഭീഷണി; ചാലക്കുടിയിൽ തിരച്ചിൽ തുടരുന്നു
text_fieldsപുലിയെ തേടി ചാലക്കുടി തോട്ടവീഥി ഭാഗത്ത് ഒഴിഞ്ഞ വീടുകളിൽ നടക്കുന്ന പരിശോധന
ചാലക്കുടി: ആൾത്താമസമില്ലാത്ത കെട്ടിടങ്ങളിൽ പരിശോധന നടത്തിയും കാമറകൾ പരിശോധിച്ചും പുലിയെ കണ്ടെത്താൻ ചാലക്കുടിയിൽ വനം വകുപ്പ് അരിച്ചുപെറുക്കി പരിശോധന തുടരുന്നു. ചാലക്കുടി കണ്ണമ്പുഴ ക്ഷേത്രത്തിന് സമീപം പുലിയുടെ പുതിയ കാൽപ്പാടുകൾ കണ്ടെത്തിയത് പുലി അവിടം വിട്ടുപോയിട്ടില്ലെന്ന സംശയം വർധിപ്പിച്ചിട്ടുണ്ട്.
അതിനാൽ രണ്ടാമത്തെ കൂടും നേരത്തെ അവിടെ തന്നെയാണ് സ്ഥാപിച്ചിരുന്നത്. കുറച്ചു ദിവസങ്ങളായി വനംവകുപ്പിലെ പ്രത്യേക അന്വേഷണ സംഘം പുലിയെ തെരയുന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. അതുപോലെ ചാലക്കുടിപ്പുഴക്ക് അക്കരെ കാടുകുറ്റി പഞ്ചായത്തിൽ പുലി ഭീതി വർധിച്ചിരിക്കുകയാണ്.
പുലിയുടെ സാന്നിധ്യമുണ്ടെന്ന അഭ്യൂഹം പരക്കുന്നതിനാൽ അവിടെ പുതിയ കൂട് സ്ഥാപിച്ചേക്കും. കാടുകുറ്റിയിലെ സിമേതിപ്പടിയിലാണ് ഒരു കൂട് നേരത്തെ സ്ഥാപിച്ചത്. ചാലക്കുടിയിൽ രണ്ടും കാടുകുറ്റി, കൊരട്ടി എന്നിവിടങ്ങളിൽ ഒന്നു വീതവുമടക്കം ആകെ നാല് കൂടുകളാണ് ഇപ്പോൾ ഈ മേഖലയിൽ സ്ഥാപിച്ചിട്ടുള്ളത്. ചാലക്കുടിയിൽ 29 ഉം കാടുകുറ്റിയിൽ 20 ഉം അടക്കം ആകെ 49 ട്രാപ് കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതുകൂടാതെ 10 സി.സി.ടി.വി കാമറകൾ പുതിയതായി സ്ഥാപിക്കുന്നതിനെപ്പറ്റിയും വനം വകുപ്പ് ആലോചിക്കുന്നുണ്ട്.
നഗരസഭ പ്രദേശത്ത് ചാലക്കുടിപ്പുഴയോട് ചേർന്നുള്ള ആൾത്താമസമില്ലാത്ത കെട്ടിടങ്ങളിൽ പുലി താവളമടിച്ചിരിക്കുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. പ്രത്യേകിച്ച് തോട്ടവീഥി പ്രദേശത്ത് വിദേശങ്ങളിൽ ഉള്ളവരുടെ ഒഴിഞ്ഞ വീടുകളും കാടുപിടിച്ച തോട്ടങ്ങളും സംശയം സൃഷ്ടിച്ചിരുന്നു. ഇവിടങ്ങളിൽ ചൊവ്വാഴ്ച വനം വകുപ്പിന്റെ പ്രത്യേക സംഘം പരിശോധന നടത്തി.
കണ്ണമ്പുഴ ക്ഷേത്രം മുതൽ കോട്ടാറ്റ് വരെ പ്രദേശങ്ങളിലെ 23 കെട്ടിടങ്ങളിലാണ് കരുതലോടെ പ്രത്യേക സംഘം പരിശോധന നടത്തിയത്. എന്നാൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
തിങ്കളാഴ്ച സ്ഥാപിച്ച കാമറകളിലെ ചിത്രങ്ങൾ പരിശോധിച്ചെങ്കിലും പുലിയുടെ സാന്നിധ്യം ഉറപ്പിക്കാവുന്ന ഒന്നും ലഭിച്ചിട്ടില്ല. മൂന്ന് ആഴ്ച മുമ്പ് ആദ്യം പുലിയെ കണ്ടെത്തിയ കൊരട്ടി പഞ്ചായത്തിലെ ചിറങ്ങരയിലും പുലിയെയോ കാൽപ്പാടുകളോ കണ്ടതായി റിപ്പോർട്ടില്ല. സമീപ പ്രദേശമായ കാടുകുറ്റി പഞ്ചായത്തിലും ചാലക്കുടിയിലും മാത്രമാണ് വനപാലകരുടെ അന്വേഷണം കേന്ദ്രീകരിക്കുന്നത്.
കാടുകുറ്റിയിലെ സിമേതിപ്പടിയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. അന്യസംസ്ഥാന തൊഴിലാളി പുലിയെ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതിനാൽ രണ്ടാമത്തെ കൂട് കാടുകുറ്റിയിൽ സ്ഥാപിക്കും.