ചാലക്കുടി അടിപ്പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsചാലക്കുടി അടിപ്പാതയിൽ കുടുങ്ങിയ ലോറി
ചാലക്കുടി: ട്രാംവെ അടിപ്പാതയിലെ ബെൽ മൗത്ത് യാഥാർഥ്യമാകാത്തതിനാൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. ബസും ലോറിയും കടന്നു പോകുമ്പോൾ ഒടിച്ചെടുക്കാനാവാതെ വാഹനം പിന്നോട്ടും മുന്നോട്ടും എടുത്ത് മറ്റുവാഹനങ്ങൾക്ക് അപകട ഭീഷണിയാവുകയാണ്. ഇത് പരിഹരിക്കാനായി അടിപ്പാതയുടെ ഇരുവശങ്ങളിലും ബെല്‍ മൗത്ത് നിര്‍മാണത്തിനായി സിവില്‍ സ്റ്റേഷന്റെയും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്റെയും സ്ഥലമേറ്റെടുക്കാന്‍ അനുമതി ലഭിച്ചിട്ട് നാളുകളേറെ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല.
അടിപ്പാത തുറന്നുകൊടുത്തത് ചാലക്കുടിയിലെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമായി മാറിയിരുന്നു. ചാലക്കുടി ആനമല ജങ്ഷൻ, ട്രങ്ക് റോഡ് ജങ്ഷൻ എന്നിവിടങ്ങളിലൂടെ കടന്നുപോകാതെ സൗത്ത് ജങ്ഷനിലും നഗരസഭ ഓഫിസ്, റയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലും അടിപ്പാത വഴി പോയാൽ എത്താമെന്നതാണ് സൗകര്യം. ഇതുമൂലം ചാലക്കുടി ടൗണിൽ അനുഭവപ്പെടാറുള്ള ഗതാഗത സ്തംഭനം പരിഹരിക്കാൻ വലിയ അളവിൽ സാധിച്ചിരുന്നു.
എന്നാൽ അടിപ്പാത വഴി കൂടുതൽ വാഹനങ്ങൾ എത്തിയതോടെയാണ് പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങിയത്. ലോറി, ബസ് എന്നിങ്ങനെ നീളം കൂടിയ വാഹനങ്ങൾ ഇരുവശത്തെയും സർവിസ് റോഡിലൂടെ കടന്നു വരുമ്പോൾ ബെൽ മൗത്ത് ഇല്ലാത്തതിനാൽ കുടുങ്ങുന്നു. വാഹനങ്ങൾക്ക് കുരുക്കില്ലാതെ കടന്നുപോകാൻ അടിപ്പാതയിൽ ഉടൻ ബെൽ മൗത്ത് നിർമിക്കണമെന്നാണ് ആവശ്യം.


