Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightഅപ്രതീക്ഷിത മഴ;...

അപ്രതീക്ഷിത മഴ; കണ്ണീരണിഞ്ഞ് കാരക്കുളത്തുനാട് പാടശേഖരം

text_fields
bookmark_border
അപ്രതീക്ഷിത മഴ; കണ്ണീരണിഞ്ഞ് കാരക്കുളത്തുനാട് പാടശേഖരം
cancel
camera_alt

കാ​ര​ക്കു​ള​ത്തു​നാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ഴ പെ​യ്ത് ന​ന​ഞ്ഞ നെ​ല്ല്

ചാലക്കുടി: പതിറ്റാണ്ടുകൾ തരിശായി കിടന്ന കാരക്കുളത്തുനാട് പാടശേഖരത്തിൽ അതിജീവനത്തിന്റെ ഭാഗമായി കുറച്ചു വർഷങ്ങളായി കൃഷി ഇറക്കുന്ന കർഷകരുടെ കഠിനാധ്വാന ഫലമായി വിളഞ്ഞ നെല്ല് അപ്രതീക്ഷിതമായി പെയ്ത മഴയിൽ വെള്ളത്തിലായി. 60 ഏക്കറോളം നെല്ല് ആധുനിക മെഷീൻ ഉപയോഗിച്ച് കൊയ്തു തുടങ്ങിയ അവസരത്തിലാണ് മഴ ചതിച്ചത്. 20 ഏക്കറോളം കൊയ്ത നെല്ല് മുഴുവൻ പാടശേഖരത്തിലാണ് സൂക്ഷിച്ചിരുന്നത്. അടുത്ത ദിവസം ചാക്കുകളിൽ നിറച്ച് ഏജൻസികൾക്ക് കൈമാറാനിരിക്കെയാണ് കനത്ത മഴയിൽ വെള്ളം കയറി ഭൂരിഭാഗം നെല്ലും നനഞ്ഞത്. നനയാത്ത നെല്ല് പണിക്കാരെ ഉപയോഗിച്ച് പരമാവധി ഉണക്കി ചാക്കിലാക്കുകയാണ് കർഷകർ.

കൊയ്യാൻ ബാക്കിയുള്ള 40 ഏക്കറിലധികം വരുന്ന സ്ഥലത്തെ മുഴുവൻ നെല്ലും വെള്ളത്തിൽ വീണ് കിടക്കുകയാണ്. അതിനാൽ ഇത് കൊയ്ത് എടുക്കാൻ എളുപ്പമല്ലാത്ത സ്ഥിതിയിലാണ്. തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളും കാലാവസ്ഥ പ്രശ്നങ്ങളും മൂലം നഷ്ടത്തിലാകുന്ന കൃഷി ഇനിയും തുടരണോയെന്ന ചിന്തയിലാണ് കർഷകർ.

പാടശേഖരം സന്ദർശിച്ച നഗരസഭ ചെയർപേഴ്സന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിലുള്ള സംഘം നാശം സംഭവിച്ച കർഷകർക്ക് സാധ്യമാകുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് അറിയിച്ചു. പാടശേഖരത്തിൽ കൃഷി ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതിന് കൊയ്ത്ത് തറ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുമെന്നും കർഷകർക്ക് ഉറപ്പ് നൽകി.

ചെയർപേഴ്സൻ ആലീസ് ഷിബു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജെലീറ്റ എൽസ ജേക്കബ്, വാർഡ് കൗൺസിലർ ഷിബു വാലപ്പൻ, കൃഷി ഫീൽഡ് ഓഫിസർ കെ.പി. തോമാസ്, കൃഷി അസിസ്റ്റന്റ് പി.കെ. ജിഷ എന്നിവരാണ് കൃഷിസ്ഥലം സന്ദർശിച്ചത്. പാടശേഖര സമിതി പ്രസിഡന്റ് അശോകൻ മഠത്തിപറമ്പിൽ, കർഷക പ്രതിനിധികളായ ധർമൻ പാറമേൽ, സജീവൻ മഠത്തിപറമ്പിൽ, കാർത്തികേയൻ മഠത്തിപറമ്പിൽ, ഷൈല ധർമൻ, ബൈജു മഠത്തിപറമ്പിൽ എന്നിവരും പങ്കെടുത്തു.

Show Full Article
TAGS:Unexpected rain destroy paddy fields Agri News 
News Summary - Unexpected rain; Karakulathunadu paddy fields in tears
Next Story