വിസ തട്ടിപ്പ് കേസ്; പ്രതി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ
text_fieldsചാലക്കുടി: വിസ തട്ടിപ്പ് കേസിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർ പ്രകാരം മുംബൈ വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തു. മാടക്കത്തറ പുല്ലാനിക്കാട് സ്വദേശി ചവറാട്ടിൽ വീട്ടിൽ പ്രശോഭ് (31) ആണ് അറസ്റ്റിലായത്. പോട്ട സ്വദേശി കളപുരക്കൽ വീട്ടിൽ ജീനക്ക് ചെക്ക് റിപ്പബ്ലിക്കിലേക്ക് വർക്ക് വിസ വാഗ്ദാനം ചെയ്ത് ഫെബ്രു 27ന് ശേഷം പല തവണകളായി യു.പി.ഐ വഴി 2,77,000 രൂപ വാങ്ങിയ ശേഷം തട്ടിപ്പ് നടത്തുകയായിരുന്നു ഇയാൾ.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രശോഭ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ റൂറൽ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ലുക്കൗട്ട് സർക്കുലർ പ്രകാരം എമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രശോഭിനെ തടഞ്ഞുവെച്ച് വിവരം അറിയിക്കുകയായിരുന്നു. അന്വേഷണ സംഘം മുബൈയിലെത്തി പ്രശോഭിനെ അറസ്റ്റ് ചെയ്തു. മാള, വെള്ളിക്കുളങ്ങര സ്റ്റേഷനുകളിൽ രണ്ട് തട്ടിപ്പ് കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ചാലക്കുടി ജി.എസ്.ഐ ഷാജു, ജി.എസ്. സി.പി.ഒ ബിനു എന്നിവരാണ് മുംബൈയിൽ ചെന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.


