അന്നനാട്ടെ ക്ഷേത്രങ്ങളിൽ വ്യാപക മോഷണം
text_fieldsമോഷണം നടന്ന അന്നനാട് വേലുപ്പിള്ളി ധർമശാസ്ത ക്ഷേത്രത്തിലെ ഭണ്ഡാരം
ചാലക്കുടി: കാടുകുറ്റി പഞ്ചായത്തിലെ അന്നനാട് ക്ഷേത്രങ്ങളിൽ വ്യാപക മോഷണം. കൂടാതെ തൊട്ടടുത്ത കൊരട്ടി പഞ്ചായത്തിൽ റെയിൽവേ സ്റ്റേഷന് സമീപത്തെ ബേക്കറിയിലും മോഷണം നടന്നു. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയുമായാണ് മോഷണം നടന്നത്. അന്നനാട് പ്രധാനപ്പെട്ട അഞ്ച് ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. പ്രധാനമായും ഭണ്ഡാരപ്പെട്ടികൾ പൊളിച്ച് അവയിലെ പണം കവരുകയാണുണ്ടായത്. ക്ഷേത്രങ്ങളെല്ലാം തൊട്ടടുത്തുള്ളവയാണ്.
അന്നനാട് വേലുപ്പിള്ളി ശാസ്താ ക്ഷേത്രത്തിന്റെ അന്നനാട് സെന്ററിൽ റോഡരികിലെ ഭണ്ഡാരപ്പെട്ടി, ഇതേ ക്ഷേത്രത്തിന് മുന്നിലെ ഭണ്ഡാരം എന്നിവ മോഷ്ടാക്കൾ കവർന്നു. സമീപത്തെ ദേവി ക്ഷേത്രത്തിലെയും ഭണ്ഡാരം പൊളിച്ച് പണം കവർന്നു. നവഗ്രഹക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയും മോഷ്ടാക്കൾ തകർത്ത് പണം കവർന്നു. കുടുങ്ങാപ്പുഴ ക്ഷേത്രത്തിന്റെ കനാൽ ബണ്ടിലെ നേർച്ചപ്പെട്ടി തകർത്ത് മോഷ്ടാക്കൾ പണം കവർന്നു.
കൊരട്ടി ബേക്കറിയിൽനിന്ന് പണമൊന്നും മോഷ്ടാക്കൾക്ക് ലഭിച്ചില്ല. എന്നാൽ, ഇവിടെ നിന്നുള്ള ഭക്ഷ്യവസ്തുക്കൾ മോഷണം പോയിട്ടുണ്ട്. മോഷ്ടാക്കളിൽ രണ്ടു പേരുടെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.


