ചാലക്കുടി ദേശീയപാതയിലെ പേടിസ്വപ്നം നീങ്ങുന്നു
text_fieldsനിർമാണം പുരോഗമിക്കുന്ന ചിറങ്ങരയിലെ അടിപ്പാത
ചാലക്കുടി: ദേശീയപാത 544ൽ ചാലക്കുടി നിയോജക മണ്ഡലത്തിൽ നിർമാണം ആരംഭിച്ച നാല് അടിപ്പാതകളും മേൽപാലങ്ങളും ഈ മേഖലയെ അപകട വിമുക്തമാക്കുമെന്ന പ്രതീക്ഷയിലാണ് നാട്. പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിലാണ് അടിപ്പാതകൾ നിർമിക്കുന്നത്. കൊരട്ടിയിൽ മേൽപാലവും.
149.45 കോടിയിൽ പരം രൂപ ചെലവഴിച്ചാണ് ഇവ പൂർത്തീകരിക്കുക. കാലങ്ങളായി വാഹനാപകടങ്ങളും മരണങ്ങളും സംഭവിക്കുന്ന, നാട്ടുകാർക്ക് പേടിസ്വപ്നമായ അപകട കവലകൾ ഇതോടെ ഇല്ലാതാകും. അതോടൊപ്പം ഇവിടെ അനുഭവപ്പെടുന്ന ഗുരുതരമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാവും.
ദേശീയപാതയിൽ ചാലക്കുടി മണ്ഡലത്തിൽ കൊടകര, പോട്ട, ചാലക്കുടി സൗത്ത് എന്നിവിടങ്ങളിൽ മേൽപാലങ്ങളും ചാലക്കുടി നോർത്ത്, മുരിങ്ങൂർ എന്നിവിടങ്ങളിൽ അടിപ്പാതകളും നിലവിലുണ്ട്.
പുതിയവ കൂടി നിർമിക്കുമ്പോൾ ഈ മേഖലയിലെ ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിക്കാനാവും. പുതിയ അടിപ്പാത നിർമാണങ്ങളുടെ ഭാഗമായുള്ള പ്രവൃത്തികൾ 2024ൽ അതത് ഇടങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.
പേരാമ്പ്രയിലും ചിറങ്ങരയിലും ഇതിന്റെ നിർമാണത്തിൽ കാര്യമായ പുരോഗതിയുണ്ട്. മറ്റിടങ്ങളിൽ അതിന് മുന്നോടിയായ സർവിസ് റോഡുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. 18 മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കണമെന്നാണ് കരാർ.