ചാവക്കാട് ഉപജില്ല കലോത്സവം; ഒപ്പന വേദിയിൽ 18 വിദ്യാർഥികൾ കുഴഞ്ഞുവീണു
text_fieldsപ്രതീകാത്മക ചിത്രം
എടക്കഴിയുർ: ചാവക്കാട് ഉപജില്ല കലോത്സവ ഒപ്പന വേദിയിൽ 18 വിദ്യാർഥികൾ കുഴഞ്ഞുവീണു. എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വോക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന വേദി ഒന്നിൽ വ്യാഴാഴ്ച രാവിലെ ആരംഭിച്ചിരുന്നു ഒപ്പന. ഉച്ചയോടെയാണ് ഒപ്പന കഴിഞ്ഞയുടനെ പെൺകുട്ടികൾ വേദിയിൽ കുഴഞ്ഞു വീണു തുടങ്ങിയത്. ആദ്യം മൂന്നു പേരാണ് വീണതെങ്കിൽ വൈകീട്ട് നാലിനു ശേഷം ഹയർസെക്കൻഡറി വിഭാഗം ഒപ്പന മത്സരത്തിൽ ഓരോ കളിക്ക് ശേഷവും വിദ്യാർഥികൾ കുഴഞ്ഞു വീണുകൊണ്ടിരുന്നു.
വിദ്യാർഥികൾക്ക് വെൽഫയർ ഓഫിസിൽ സജ്ജമാക്കിയ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. വിദ്യാർഥികൾക്ക് പ്രഥമ ശുശ്രൂഷ നൽകുകയും. കൂടുതൽ ക്ഷീണമുള്ളവർക്ക് ഡ്രിപ്പ് നൽകുകയും ചെയ്തു. നാലോളം വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഒരുമനയൂർ ഇസ്‍ലാമിക് സ്കൂളിലെ എച്ച്.എസ്.എസ് വിഭാഗങ്ങളിൽ നിന്നായി തൊഴിയൂർ സെന്റ് ജോർജ് സ്കൂൾ, തിരുവളയന്നൂർ ഹൈസ്‌കൂൾ, ഐ.സി.എ വടക്കേകാട്, ശ്രീകൃഷ്ണ ഗുരുവായൂർ, മണത്തല ഗവ. സ്കൂൾ, കടപ്പുറം ഗവ. വി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിൽ നിന്നായി പതിനെട്ടോളം വിദ്യാർഥികളാണ് കുഴഞ്ഞു വീണത്.
ശരിയായി ഭക്ഷണവും വെള്ളവും ഇല്ലാത്തതാണ് കുട്ടികൾ കുഴഞ്ഞുവീഴാൻ കാരണമെന്ന് വിദ്യാർഥികളെ പരിശോധിച്ച ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ഉപ്പിട്ട നാരങ്ങ വെള്ളം കുടിപ്പിച്ചു വേണം വിദ്യാർഥികളെ വേദിയിൽ കയറ്റാൻ എന്ന് ഡോക്ടർമാർ നിർദേശിച്ചു.


