ചാവക്കാട് ഉപജില്ല കലോത്സവം ; പതിനൊന്നാം വർഷവും കിരീടം ചൂടി മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്
text_fieldsഓവറോൾ നേടിയ മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസ് വിദ്യാർഥികൾ ട്രോഫിയുമായി
ഗുരുവായൂർ: കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ പതിനൊന്നാം വർഷവും ആധിപത്യം നിലനിർത്തി മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. ആവേശകരമായ പോരാട്ടത്തിനൊടുവിൽ 577 പോയന്റുകൾ നേടിയാണ് മമ്മിയൂർ ഓവറോൾ ചാമ്പ്യൻഷിപ് സ്വന്തമാക്കിയത്.
450 പോയന്റുകൾ നേടിയ ചാവക്കാട് എം.ആർ.ആർ.എം.എച്ച്.എസ്.എസ് ഫസ്റ്റ് റണ്ണറപ്പായി. 442 പോയന്റോടെ ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്.എസ്.എസ് രണ്ടാം റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി. 427 പോയന്റുകൾ നേടിയ വി.ആർ. അപ്പു മെമ്മോറിയൽ എച്ച്.എസ്.എസ് നാലാം സ്ഥാനത്തും 409 പോയന്റോടെ തിരുവളയന്നൂർ എച്ച്.എസ് അഞ്ചാം സ്ഥാനത്തും എത്തി.
എച്ച്.എസ്.എസ് ജനറൽ വിഭാഗം
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന എച്ച്.എസ്.എസ് ജനറൽ വിഭാഗത്തിൽ 256 പോയന്റോടെ ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്.എസ്.എസ് ഒന്നാമതെത്തി. രണ്ട് പോയന്റ് വ്യത്യാസത്തിൽ (254 പോയിന്റ്) മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തെത്തി. 210 പോയന്റോടെ ചാവക്കാട് എം.ആർ.ആർ.എം സ്കൂൾ മൂന്നാം സ്ഥാനം നേടി.
സംസ്കൃതോത്സവം
88 പോയന്റുകൾ വീതം നേടി ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്.എസും ചാവക്കാട് എം.ആർ.ആർ.എം സ്കൂളും ഓവറോൾ കിരീടം പങ്കിട്ടു.
75 പോയന്റോടെ മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തെത്തി.
അറബിക് കലോത്സവം
95 പോയന്റുമായി മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂൾ അറബിക് കലോത്സവത്തിൽ ഓവറോൾ കിരീടം ചൂടി. 93 പോയന്റോടെ തൊഴിയൂർ റഹ്മത്ത് ഇംഗ്ലീഷ് സ്കൂൾ ഫസ്റ്റ് റണ്ണറപ്പും 91 പോയന്റോടെ കടിക്കാട് ഗവ. എച്ച്.എസ് സെക്കൻഡ് റണ്ണറപ്പുമായി.
സമാപന സമ്മേളനം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗാനരചയിതാവ് മോഹൻ സിത്താര മുഖ്യാതിഥിയായി. ഗുരുവായൂർ നഗരസഭ ചെയർമാൻ സുനിത അരവിന്ദൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷിബു, ഗുരുവായൂർ എ.സി.പി സുരേന്ദ്രൻ മങ്ങാട്ട്, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ ബിൻസി സന്തോഷ് എന്നിവർ വിശിഷ്ടാതിഥികളായി. ജനറൽ കൺവീനർ ജിത പി. പുല്ലേരി സ്വാഗതവും പ്രോഗ്രാം കൺവീനർ ഇ. ലിജോ ജോർജ് നന്ദിയും പറഞ്ഞു.



