തീരദേശപാത; അന്തിമ രൂപരേഖക്ക് അംഗീകാരം
text_fieldsകടപ്പുറം പഞ്ചായത്ത് മേഖലയിലെ തീരദേശപാതയുടെ സ്കെച്ച്
ചാവക്കാട്: ജില്ലയിലെ തീരദേശപാത അന്തിമ രൂപരേഖക്ക് അംഗീകാരമായി. കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) അംഗീകാരം നൽകി. കെ.ആർ.എഫ്.ബി തൃശൂർ, എറണാകുളം അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ, എക്സിക്യൂട്ടിവ് എൻജിനീയർ, ടീം ലീഡർ എന്നിവർ അംഗീകരിച്ച സ്കെച്ചിന് പ്രോജക്ട് ഡയറക്ടറുടെ അംഗീകാരവുമായതോടെ അന്തിമമായി.
മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന എൽ ആൻഡ് ടി ആണ് രൂപരേഖ തയാറാക്കിയത്. ഹൈവേ ഉദ്യോഗസ്ഥരുടെയും ചില സ്വകാര്യ വ്യക്തികളുടെയും കൈയിൽ രൂപരേഖ എത്തിയെങ്കിലും പദ്ധതിമേഖല ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ഇതുവരെയും ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
എൻ.കെ. അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന യോഗത്തിൽ പദ്ധതിയുടെ വിശദ സ്കെച്ച് ഒരാഴ്ചക്കകം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകണമെന്ന് എം.എൽ.എ നിർദേശം നൽകിയിരുന്നു.
തീരദേശപാതയുടെ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചെന്ന് പറയുന്നുണ്ടെങ്കിലും ചാവക്കാട് തീരമേഖലയിൽ വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കോ തദ്ദേശ സ്ഥാപനങ്ങൾക്കോ ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. ചിലയിടങ്ങളിൽ പ്രവൃത്തികളുടെ കരാർ നൽകി.
മറ്റിടങ്ങളിൽ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നാണ് സൂചന. അതേസമയം, കുടിയിറക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.
തീരദേശ വികസന കോർപറേഷനാണ് പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നത്. 6,500 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഒന്നാം പിണറായി സർക്കാറിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് തീരദേശപാത. 2017ൽ പ്രഖ്യാപിക്കുകയും 2018ൽ പ്രവൃത്തി ആരംഭിച്ച് 2020ൽ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതി പ്രളയവും കോവിഡും മൂലം പാതിവഴിയിൽ നിൽക്കുകയായിരുന്നു.
നിർമാണം അന്താരാഷ്ട്ര നിലവാരത്തിൽ
പ്രധാന തുറമുഖങ്ങളെയും മത്സ്യബന്ധന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് തീരദേശ മേഖലയുടെ വികസനവും ടൂറിസം സാധ്യതകൾ വർധിപ്പിക്കുകയും ചരക്ക് ഗതാഗതം സുഗമമാക്കുകയുമാണ് തീരദേശപാതയുടെ ലക്ഷ്യം. ഗതാഗതത്തിനു ഏഴുമീറ്ററിൽ രണ്ടു വരിപ്പാതയും കൂടാതെ ഒന്നര മീറ്ററിൽ സൈക്കിൾ ട്രാക്കും ഇരു വശങ്ങളിലുമായി നടപ്പാതയും ഉൾപ്പെടുത്തി 14 മുതൽ 15.6 മീറ്റർ വീതിയിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് പാതയുടെ നിർമാണം.
തിരുവനന്തപുരം പൂവാർ മുതൽ കാസർകോട് കർണാടക അതിർത്തിയായ തലപ്പാട് വരെ 623 കിലോമീറ്ററാണ് തീരദേശപാത. ജില്ലയിൽ പാത 59.9 കിലോമീറ്ററും മലപ്പുറം ജില്ലയിൽ 69.7കിലോ മീറ്ററുമായിരിക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും റോഡ് നിർമാണം.
ബിറ്റുമിനോടൊപ്പം പ്ലാസ്റ്റിക്, റബർ, കയർ ഭൂവസ്ത്രം, കോൺക്രീറ്റ് തുടങ്ങിയവ ഉപയോഗിക്കും. മലപ്പുറം ജില്ലയിൽ തീരദേശപാതയുടെ പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു. താനൂരിനടുത്ത് പടിഞ്ഞാറേക്കര-ഉണ്യാൽ, മൊയ്ദീൻപള്ളി-കെട്ടുങ്ങൽ സെക്ഷനുകളിലായി രണ്ടു ഭാഗങ്ങളായാണ് മാസങ്ങൾക്ക് മുമ്പേ പ്രവൃത്തി തുടങ്ങിയത്.
കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) 468 കിലോമീറ്റർ പാതയാണ് നിർമിക്കുക. ശേഷിക്കുന്ന 155 കിലോമീറ്ററിൽ, രാജ്യത്തെ പ്രധാന തുറമുഖങ്ങളെയും തീരപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതിന് ദേശീയപാത അതോറിറ്റി ആരംഭിക്കുന്ന ഭാരത് മാല പദ്ധതിയിൽ 120 കിലോമീറ്ററും മറ്റൊരു 35 കിലോമീറ്ററിന്റെ പ്രവൃത്തി മറ്റ് പദ്ധതികളുടെ ഭാഗമാക്കിയും പൂർത്തീകരിക്കും.
മഞ്ഞ കല്ലല്ല, ഇനി പിങ്ക്
സ്ഥലമെടുപ്പിന് അതിർത്തികൾ നിശ്ചയിക്കാൻ ഇനി ഉപയോഗിക്കുന്നത് മഞ്ഞക്കല്ലുകൾക്ക് പകരം പിങ്ക് കല്ലുകളാണ്. തീരദേശ നിയമപ്രകാരം അതിർത്തി നിർണയിക്കുന്നതിന് മഞ്ഞക്കല്ലുകൾ ഉപയോഗിച്ചിരുന്നെന്നും അതിനാൽ ആശയക്കുഴപ്പം തീർക്കാനാണ് തീരദേശ പാത പദ്ധതിക്ക് പിങ്ക് കല്ലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതെന്നുമാണ് വിശദീകരണം.