നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ഇരട്ടപ്പുഴ ജി.എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനം ഇന്ന്
text_fieldsചാവക്കാട് ഇരട്ടപ്പുഴയിൽ മന്ത്രി ആര്. ബിന്ദു ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഗവ. എൽ.പി സ്കൂൾ കെട്ടിടം
ചാവക്കാട്: നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അവസാനം കുറിച്ച് ഇരട്ടപ്പുഴ ഗവ.എൽ.പി സ്കൂൾ യാഥാർഥ്യത്തിലേക്ക്. സ്കൾ കെട്ടിടവും ഒന്നാം നിലയുടെ നിർമാണവും മന്ത്രി ആര്. ബിന്ദു ചൊവ്വാഴ്ച് ഉദ്ഘാടനം ചെയ്യും.
1926ല്‍ സ്ഥാപിതമായ സ്കൂൾ ശതാബ്ദിയിലേക്ക് പ്രവേശിക്കുമ്പോള്‍ വാടക കെട്ടിടത്തില്‍ നിന്ന് ഇപ്പോഴാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നത്. കടപ്പുറം പഞ്ചായത്തിലെ ഇരട്ടപ്പുഴയില്‍ ചെട്ടിപ്പാറന്‍ തറവാട്ട് കാരണവരായിരുന്ന അയ്യപ്പനാണ് അദ്ദേഹത്തിന്റെ സ്ഥലത്ത് സ്കൂൾ കെട്ടിടം നിർമിച്ച് വാടകക്ക് നല്‍കിയത്. അതിനാൽ ഈ സര്‍ക്കാര്‍ സ്കൂൾ ചെട്ടിപ്പാറന്‍ സ്കൂള്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു.
സ്കൂളിന് കടപ്പുറം പഞ്ചായത്ത് 30 സെന്റ് സ്ഥലം വാങ്ങി നല്‍കിയതിനെ തുടര്‍ന്ന് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 99.5 ലക്ഷം നൽകിയാണ് കെട്ടിടം നിമിച്ചത്. മുകള്‍ നിലയില്‍ ക്ലാസ്സ് റൂം നിർമിക്കാൻ ഒരു കോടി കൂടി എം.എല്‍.എയുടെ ആവശ്യപ്രകാരം 2024-25 ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചാണ് നിർമാണ ഉദ്ഘാടനത്തിന് സജ്ജമാക്കിയത്.
238.21 ചതുരശ്ര മീറ്ററിൽ നിർമിച്ച കെട്ടിടത്തിൽ മൂന്ന് ക്ലാസ് മുറികളും ഓഫിസ് റൂം, ടോയ് ലെറ്റ്, വരാന്ത എന്നിവയും സ്റ്റെയര്‍ കേസ് റൂമും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
നിലവിൽ ഇരട്ടപ്പുഴവായനശാലയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് 3.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിക്കും. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത് തുടങ്ങിയ ജനപ്രതിനിധികളും പങ്കെടുക്കും.