മിന്നൽ പരിശോധന; അനധികൃത മത്സ്യബന്ധന വള്ളങ്ങൾ പിടികൂടി
text_fieldsകോസ്റ്റൽ പൊലീസ് പിടിച്ചെടുത്ത നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ യാനങ്ങൾ
ചാവക്കാട്: സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ചും, പെയർ ട്രോളിങ് നടത്തിയതിനും, നിയമാനുസൃതം കളർ കോഡ് ഇല്ലാതെ മത്സ്യബന്ധനം നടത്തിയ മത്സ്യബന്ധന യാനങ്ങൾ ഫിഷറീസ്, കോസ്റ്റൽ പൊലീസ് മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥ സംയുക്ത സംഘം പിടികൂടി. ജില്ലയിൽ കാര ദേശത്ത് വളവത്ത് വിട്ടിൽ കുഞ്ഞമ്പാടിയുടെ ഉടമസ്ഥതയിലുള്ള കിലുക്കം എന്ന മത്സ്യബന്ധന യാനമാണ് ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തത്.
നിയമപരമായ അളവിൽ അല്ലാതെ കണ്ട ഏകദേശം 2000 കിലോ ചെറു ചാള ഇനത്തിൽപ്പെട്ട മത്സ്യമാണ് യാനത്തിലുണ്ടായിരുന്നത്. നിയമാനുസൃതം കളർ കോഡ് ഇല്ലാതെ മത്സ്യബന്ധനം നടത്തിയ കനകൻ, സുരേഷ്ബാബു, ബാദുഷ, സുദർശനൻ, വിജേഷ് എന്നിവരുടെ വള്ളങ്ങളും പിടിച്ചെടുത്തു. തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്റുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ സി. സീമയുടെയും മുനക്കകടവ് കോസ്റ്റൽ ഇൻസ്പെക്ടർ ഫർഷദിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായാണ് യാനങ്ങൾ പിടിച്ചെടുത്തത്.
ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് പിഴ സർക്കാറിലേക്ക് ഈടാക്കും. ഉപയോഗയോഗ്യമായ 9800 രൂപയുടെ മത്സ്യം ലേലംചെയ്ത് തുക ട്രഷറിയിൽ അടപ്പിച്ചു. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കിക്കളഞ്ഞു.വരും ദിവസങ്ങളിൽ മിന്നൽ പരിശോധനകൾ തുടരുമെന്ന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ് പോത്തനൂരൻ അറിയിച്ചു.


