തെക്കൻ പാലയൂരിൽ കുറുനരികളുടെ വിളയാട്ടം; താൽക്കാലിക ആശ്വാസ ധനം പ്രഖ്യാപിച്ച് നഗരസഭ
text_fieldsചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്തും സംഘവും കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ വീടുകളിൽ സന്ദർശിക്കുന്നു
ചാവക്കാട്: ദിവസങ്ങളായി തെക്കൻ പാലയൂരിൽ കുറുനരികളുടെ വിളയാട്ടം തുടരുന്നു. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി ആറുപേർക്ക് കുറുനരിയുടെ കടിയേറ്റു. മൂരാക്കൽ നിർമല (60) കവര വാസു ( 64), വന്നേരി ലളിത (71) എന്നിവരാണ് ശനിയാഴ്ച രാവിലെ കുറുനരിയുടെ ആക്രമണത്തിന് ഇരയായത്. നിർമല, ലളിത എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും വാസുവിനെ ചാവക്കാട് താലൂക്ക് ആ ശുപത്രിയിലും പ്രവശിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ടാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വെങ്കിടങ്ങ് സ്വദേശി ശ്രാവണന് (18) കടിയേറ്റത്. കുറുനരി ബൈക്കിലേക്ക് ചാടി കാലിന്റെ ഉപ്പുറ്റിയിൽ കടിക്കുകയായിരുന്നു. പിന്നീട് അതുവഴിവന്ന കറുപ്പം വീട്ടിൽ വെട്ടത്ത് ആദിലിനും (17) കടിയേറ്റു. അന്ന് രാത്രി പത്തുമണിയോടെ തമിഴ്നാട് സ്വദേശി കമലും (40) ആക്രമണത്തിന് ഇരയായി. ശ്രാവണനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു രണ്ടുപേരെ ചാവക്കാട് താലൂക്ക് ആ ശുപത്രിയിലും പ്രവേശിപ്പിച്ചു. പൊതുവെ കേരളത്തിൽ കുറുക്കൻ എന്നറിയപ്പെടുന്ന കുറുനരിയാണ് ചാവക്കാട് നഗരസഭയിലെ 13, 14 വാർഡുകളിൽ ഉൾപ്പെടുന്ന തെക്കൻ പാലയൂരിൽ ഭീതി പടർത്തുന്നത്.
ഒരാഴ്ച മുമ്പ് പട്ടച്ചാവിൽ നബീസയെ കുറുനരി കടിച്ചിരുന്നു. കൈക്ക് ഗുരുതരമായി കടിയേറ്റ ഇവർ ചികിത്സയിലാണ്. ഇതിനിടെ നഗരസഭ വാർഡ് 17 തെക്കഞ്ചേരിയിൽ കോമളത്ത് വീട്ടിൽ മുഹമ്മദ് അഷാറിന്റെ പശു കുറുനരി ആക്രമണത്തെ തുടർന്ന് ചത്തു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ചാവക്കാട് നഗരസഭ ഓഫിസിൽ പട്ടിക്കാട് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു.
ഒരാഴ്ച മുമ്പ് കുറുനരിയുടെ കടിയേറ്റ നബീസയുടെ കൈപ്പത്തി
ചെയർപേഴ്സൻ ഷീജ പ്രശാന്ത്, സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, ബുഷറ ലത്തീഫ്, പ്രസന്ന രണദിവ, കൗൺസിലർ എം.ആർ. രാധാകൃഷ്ണൻ, സെക്രട്ടറി എം.എസ്. ആകാശ്, ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ, വെറ്റിനറി ഡോ. ശർമിള തുടങ്ങിയവർ പ്രശ്നബാധിത പ്രദേശങ്ങളിലും കുറുനരിയുടെ ആക്രമണത്തിനിരയായ കുടുംബങ്ങളിലും സന്ദർശനം നടത്തി.
കുറുനരിയുടെ ആക്രമണത്തിന് ഇരയായവർക്ക് താൽക്കാലിക ആശ്വാസമായി ചാവക്കാട് നഗരസഭ ചെയർമാൻ റിലീഫ് ഫണ്ടിൽനിന്ന് 5,000 രൂപ വീതം അനുവദിക്കാൻ തീരുമാനമായി. വനം-വന്യജീവി സംരക്ഷണ വകുപ്പിൽനിന്ന് ധനസഹായം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൻ ഷീജ പ്രശാന്ത് പറഞ്ഞു. ഇതിനിടെ ശനിയാഴ്ച നാലുമണിയോടെ തെക്കൻ പാലയൂരിൽ കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തി. നാലകത്ത് കളത്തിൽ സൗദ ഗഫൂറിന്റെ വീട്ടു വളപ്പിലെ ഉപയോഗിക്കാത്ത കാലിതൊഴുത്തിനോട് ചേർന്നാണ് ചത്തുകിടക്കുന്ന കുറുനരിയെ കണ്ടെത്തിയത്. രണ്ടുദിവസം മുമ്പ് രണ്ടു കുറുനരികൾ ഒഴിഞ്ഞ പറമ്പിൽ ചത്തു കിടക്കുന്നത് കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു.
തെക്കൻ പാലയൂരിൽ ചത്ത നിലയിൽ കണ്ടെത്തിയ കുറുനരി
ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ ചേരണം -ജനകീയ കൂട്ടായ്മ
ചാവക്കാട്: ദിവസങ്ങളായി തെക്കൻ പാലയൂർ മേഖലയിൽ ഭീതി വിതച്ചുനടക്കുന്ന കുറുനരി ശല്യത്തിന് പരിഹാരം കാണാൻ അടിയന്തര കൗൺസിൽ കൂടണമെന്നും പാലയൂർ തെക്കൻ പാലയൂർ മേഖലയിലെ കാടുകൾ വെട്ടി വൃത്തിയാക്കുവാൻ നടപടി കൈകൊള്ളണമെന്നും തെക്കൻ പാലയൂർ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. ചാവക്കാട് നഗരസഭ കൗൺസിൽ യു.ഡി.എഫ് നേതാവ് കെ.വി. സത്താർ യോഗം ഉദ്ഘാടനം ചെയ്തു.
14ാം വാർഡ് കൗൺസിലർ സുപ്രിയ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പൗരവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം പ്രമേയം അവതരിപ്പിച്ചു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എസ്. അനീഷ് പാലയൂർ, കെ.എം. ലത്തീഫ്, കെ.ടി. പ്രസന്നൻ, ഫാമിസ് അബൂബക്കർ, ഷബീർ മാളിയേക്കൽ, പി. ആരിഫ് പാലയൂർ, വി. പീറ്റർ, എ.കെ. ഹനീഫ സുരേഷ്, ഫൈസൽ, അനസിൽ എന്നിവർ സംസാരിച്ചു.
വാർഡ് കൗൺസിലർ വിട്ടുനിന്നത് ജനങ്ങളോടുള്ള വെല്ലുവിളി
ചാവക്കാട്: തെക്കൻ പാലയൂർ കുറുനരി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ 13, 14 വാർഡിലെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ 14ാം വാർഡ് കൗൺസിലർ അധ്യക്ഷത വഹിച്ച സർവ കക്ഷി യോഗത്തിൽനിന്ന് 13ാം വാർഡ് കൗൺസിലർ ഷാഹിന സലീം വിട്ടുന്നിന്നത് വാർഡിലെ ജനങ്ങളോടുള്ള വെല്ലുവിളി ആണന്ന് യു.ഡി.എഫ് പാലയൂർ മേഖല കമ്മിറ്റി. യോഗത്തിൽ യു.ഡി.എഫ് നേതാക്കളായ പി.വി. പീറ്റർ, അനീഷ് പാലയൂർ, ഷബീർ മാളിയേക്കൽ, ലത്തിഫ് പാലയൂർ, ആരിഫ്, സി. എം. മുജീബ്, എ.ടി. മുഹമ്മദാലി, അനസിൽ, ആസിഫ് വലിയകത്ത് എന്നിവർ സംസാരിച്ചു.