ചാവക്കാട് തീരത്ത് സന്തോഷത്തിര
text_fieldsചാവക്കാട്: ഗുരുവായൂർ മണ്ഡലത്തിലെ തീരപ്രദേശത്ത് താമസിക്കുന്ന 600ലധികം പേർക്ക് പട്ടയം അനുവദിക്കുന്ന നടപടി ഉടൻ പൂർത്തീകരിക്കും. ഡിസംബറിൽ പട്ടയം വിതരണം ചെയ്യുമെന്ന് എൻ.കെ. അക്ബർ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചാവക്കാട് താലൂക്ക് പരിധിയില്‍ വരുന്ന കടപ്പുറം, മണത്തല, പുന്നയൂര്‍, പുന്നയൂര്‍ക്കുളം വില്ലേജുകളിലെ കടല്‍പുറമ്പോക്ക്, അണ്‍സർവേ ലാന്റ് എന്നിവയില്‍ താമസിക്കുന്ന അറുനൂറോളം പേര്‍ക്കാണ് പട്ടയം അനുവദിക്കുക.
1961ലെ സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരം പുറമ്പോക്ക് സർവേ ചെയ്യുന്നതിനായി കരട് വിജ്ഞാപനം തയാറാക്കുന്നതിന് കലക്ടര്‍ നടപടി സ്വീകരിക്കുകയും വില്ലേജുകളിലെ ഹൈ ടൈഡ് ലൈന്‍ നിശ്ചയിക്കുന്നതിന് ചീഫ് ഹൈഡ്രോഗ്രാഫര്ക്ക് 2,31,835 രൂപ അനുവദിക്കുകയും ചെയ്തതായി എം.എൽ.എ പറഞ്ഞു.ഹൈഡ്രോളജിക്കല്‍ സർവേ നടത്തി ഹൈ ടൈഡ് ലൈന്‍ നിജപ്പെടുത്തിക്കഴിഞ്ഞാല് വിജ്ഞാപനം പുറപ്പെടുവിച്ച് കൈവശക്കാരില്‍ നിന്നും പട്ടയ അപേക്ഷ വാങ്ങി പട്ടയം അനുവദിക്കും.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ മാസത്തോടെ പട്ടയം ലഭ്യമാക്കുന്നതിന് ജില്ല റവന്യൂ അസംബ്ലിയില്‍ തീരുമാനമായതായി എം.എൽ.എ വ്യക്തമാക്കി. തിരുവനന്തപുരം ഐ.എൽ.ഡി.എമ്മിൽ മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല റവന്യൂ അസംബ്ലിയിൽ മന്ത്രി ആർ. ബിന്ദു, ജില്ലയിലെ എം.എൽ.എമാർ, ലാൻഡ് റവന്യു കമീഷണർ, കലക്ടർ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.


