പോക്സോ കേസ്; 130 വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് മറ്റൊരു കേസിൽ 110 വർഷം കഠിന തടവ്
text_fieldsസജീവ്
ചാവക്കാട്: 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 130 വർഷം കഠിന തടവും 8.75 ലക്ഷം പിഴയും ശിക്ഷിക്കപ്പെട്ട പ്രതിക്ക് 11 കാരനെ പീഡിപ്പിച്ച കേസിൽ 110 വർഷം കഠിന തടവും 7.75 ലക്ഷം പിഴയും ശിക്ഷ വിധിച്ചു.
ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ സജീവനെയാണ് (52) ചാവക്കാട് അതിവേഗ സ്പെഷൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 8.75 ലക്ഷം പിഴ അടക്കാത്ത പക്ഷം 35 മാസവും രണ്ടാമത്തെ കേസിലെ 7.75 ലക്ഷം രൂപ പിഴ അടക്കാഞ്ഞാൽ 31 മാസവും അധിക തടവ് അനുഭവിക്കണം. ജില്ല ലീഗൽ സർവിസ് അതോറിറ്റിയോട് കുട്ടികൾക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാനും പ്രതിയിൽ നിന്ന് പിഴ ഈടാക്കുന്ന പക്ഷം പിഴ തുക കുട്ടികൾക്ക് നൽകാനും കോടതി വിധിച്ചു.
2023 ഏപ്രിലിലാണ് സംഭവം. രണ്ട് കുട്ടികളെയും ബൂസ്റ്റ് തരാമെന്നു പറഞ്ഞ് വീടിന്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും രണ്ടു പേർക്കും കൂടി പ്രതിഫലമായി ഒരു പാക്കറ്റ് ബൂസ്റ്റ് നൽകി വീട്ടിൽനിന്ന് ഇറക്കിവിട്ടു എന്നാണ് പ്രോസിക്യൂഷൻ കേസ്.
പീഡനത്തിന് മാസങ്ങൾക്കു ശേഷം 10 വയസുകാരന്റെ മാതാവ് കൂട്ടുകാരനോട് ചോദിച്ചറിഞ്ഞതിൽ നിന്നാണ് ഈ കുട്ടിയെയും പ്രതി പീഡിപ്പിച്ചതായി അറിയുന്നത്. കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ചാവക്കാട് പൊലീസ് സ്റ്റേഷനിലെ വനിത സി.പി.ഒ എ.കെ. ഷൗജത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ വി.എം. ഷാജു പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തി. എസ്.ഐ. സെസിൽ ക്രിസ്റ്റ്യൻ രാജ് തുടരന്വേഷണം നടത്തി. എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രവും സമർപ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി. സി.പി.ഒമാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കാനായി പ്രോസിക്യൂഷനെ സഹായിച്ചു.