സ്വർണം കണ്ട് റസാഖിന്റെ കണ്ണ് മഞ്ഞളിച്ചില്ല; ആക്രി അലമാരയിൽനിന്ന് കിട്ടിയ ഒന്നര പവൻ ആഭരണം ഉടമക്ക് തിരികെ നൽകി
text_fieldsറസാഖ് ഇളനീർ വിൽപനക്കിടെ
ചാവക്കാട്: വീടുകളിൽനിന്ന് ശേഖരിച്ച ആക്രി സാധനങ്ങൾക്കിടയിൽ നിന്ന് ലഭിച്ച ഒന്നര പവനോളം തൂക്കം വരുന്ന സ്വർണാഭരണം ഉടമസ്ഥർക്ക് തിരികെ നൽകി കറുകമാട് നാലകത്ത് പടിഞ്ഞാറയിൽ റസാഖ് മാതൃകയായി. കറുകമാട് നാലുമണിക്കാറ്റിൽ ഇളനീർ കച്ചവടവും അതോടൊപ്പം ആക്രി വ്യാപാരവും നടത്തിയാണ് റസാഖ് ജീവിക്കുന്നത്.
കഴിഞ്ഞ ദിവസം കറുകമാടിലെ വീട്ടിൽനിന്ന് വാങ്ങിയ പഴയ ഇരുമ്പ് അലമാര ആക്രിക്കടയിലെത്തിച്ച് പൊളിക്കുന്നതിനിടയിലാണ് റസാഖിന്റെ ശ്രദ്ധയിൽ സ്വർണാഭരണം പെടുന്നത്. അലമാരയുടെ രഹസ്യ അറക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇത്. ഉടൻ റസാഖ് വീട്ടുകാരെ തേടിയെത്തി സ്വർണം കൈമാറുകയായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടുപോയെന്ന് കരുതി വീട്ടുകാർ എഴുതിത്തള്ളിയ ആഭരണമായിരുന്നു ഇത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കുടുംബത്തിന് ആഭരണം തിരികെ ലഭിച്ചത് വലിയ ആശ്വാസമായി. സ്വന്തം ബുദ്ധിമുട്ടുകൾക്കിടയിലും റസാഖ് കാണിച്ച ഈ സത്യസന്ധതക്ക് നാട്ടുകാരും സോഷ്യൽ മീഡിയയും വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് അറിയിക്കുന്നത്.


