നോവായി മുഹ്സിന്റെ പരീക്ഷഫലം; എഴുതാത്ത അവസാന പരീക്ഷയൊഴികെ എല്ലാ വിഷയത്തിലും ജയം
text_fieldsചാവക്കാട്: എഴുതിയ വിഷയങ്ങളിലെല്ലാം വിജയിച്ച സഹപാഠിയുടെ വേർപാട് കൂട്ടുകാർക്കും അധ്യാപകർക്കും നോവായി മാറി. ഏപ്രിൽ 28നാണ് തെക്കൻ പാലയൂർ മങ്ങേടത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ മുഹ്സിൻ (16) മരിച്ചത്.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഐ.ടി മാത്രം ബാക്കിയുള്ളപ്പോഴാണ് ദുരന്തമെത്തുന്നത്. കഴുത്താക്കൽ പാലത്തിനടുത്ത് ബണ്ടിനോട് ചേർന്ന പുഴക്ക് സമീപത്തെ ചളി നിറഞ്ഞ പത്താഴക്കുഴിയിൽ ഇറങ്ങിയ അഞ്ചു വിദ്യാർഥികളിൽ മരിച്ച മൂന്നുപേരിലൊരാളാണ് മുഹ്സിൻ. തെക്കൻ പാലയൂർ സ്വദേശികളായ മനയംപറമ്പിൽ ഷണാദിന്റെ മകൻ വരുൺ (18), മനയംപറമ്പിൽ സുനിലിന്റെ മകൻ സൂര്യ (16) എന്നിവരാണ് മരിച്ച രണ്ടുപേർ.
പരീക്ഷയുള്ളതിനാൽ വീട്ടിൽ പറയാതെയാണ് മുഹ്സിൻ കൂട്ടുകാർക്കൊപ്പം ബണ്ടിന് സമീപത്തേക്ക് പോയത്. ആ യാത്ര മരണത്തിൽ കലാശിക്കുകയായിരുന്നു. എം.ആർ.ആർ.എം ഹയർ സെക്കൻഡറി സ്കൂളിലാണ് മുഹ്സിൻ പഠിച്ചിരുന്നത്.