ശക്തമായ മഴയിൽ ചെമ്മണ്ണ് കുത്തിയൊലിച്ചു; വീടിനുചുറ്റും ചളി; നാട്ടുകാർ ദുരിതത്തിൽ
text_fieldsമണത്തലയിൽ ചെമ്മണ്ണ് കുത്തിയൊലിച്ച് വീടും പരിസരവും ചളിനിറഞ്ഞ നിലയിൽ
ചാവക്കാട്: ദേശീയപാത 66 മണത്തലയിൽ മേൽപ്പാലം നിർമാണത്തിനായി കൂട്ടിയിട്ട ചരൽമണ്ണ് ശക്തമായ മഴയിൽ കുത്തിയൊലിച്ച് വീട്ടുകാർ ദുരിതത്തിൽ. തിങ്കളാഴ്ച പുലർച്ചെ പെയ്ത മഴയിലാണ് മണത്തല പഴയ കാറ്റാടിക്ക് സമീപമുള്ള വീടുകളുടെ മുറ്റവും പരിസരവും ചെമ്മണ്ണ് ഒഴുകിയെത്തി ചെളിക്കുണ്ടായത്.
മിക്ക വീടുകളിൽനിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അക്കര പറമ്പിൽ അശോകന്റെയും അയൽവാസികളുടെയും വീടുകളിലാണ് ചെളികെട്ടിയത്.
ദേശീയപാത നിർമാണ പ്രവർത്തികളിൽ സാമൂഹിക പ്രത്യാഘാത മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണം. മഴ ശക്തമായാൽ ചളി വീടിനകത്തേക്ക് കയറുന്ന അവസ്ഥയാണ് നിലവിൽ. സർവിസ് റോഡിന്റെ ടാറിങ് പൂർത്തിയായതിനാൽ മഴവെള്ളത്തോടൊപ്പം ചരൽ കുത്തിയൊലിച്ച് സമീപത്തെ പറമ്പുകളിലേക്കും വീടുകളിലേക്കും ഒഴുകുകയായിരുന്നു.