ട്രോളിങ് നിരോധനം: തീരദേശത്ത് ഇനി വറുതിയുടെ നാളുകൾ
text_fieldsട്രോളിങ് നിരോധനത്തെ തുടർന്ന് മുനക്കക്കടവ് ഹാർബറിൽ കരക്കടുപ്പിച്ച ബോട്ടുകളിൽനിന്ന് മത്സ്യബന്ധന
ഉപകരണങ്ങൾ ഇറക്കിവെക്കുന്നു
ചാവക്കാട്: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽവന്നതോടെ മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെൻറർ കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികള്‍ക്കും ഇനി കഷ്ടപ്പാടിന്റെ ദിനരാത്രങ്ങൾ. മത്സ്യബന്ധന നിരോധന കാലം കണക്കിലെടുത്ത് തമിഴ്നാട്ടുകാരുടെയും തെക്കന്‍ ജില്ലക്കാരുടെയും ഉടമസ്ഥയിലുള്ള ബോട്ടുകള്‍ കഴിഞ്ഞദിവസങ്ങളില്‍ നാട്ടിലേക്ക് പോയിക്കഴിഞ്ഞു.
ജൂലൈ 31നാണ് ട്രോളിങ് നിരോധനം അവസാനിക്കുന്നത്. ഹാര്‍ബറില്‍ മത്സ്യം കയറ്റിയിറക്കാന്‍ വിവിധ യൂനിയനുകളിലായി 70 തൊഴിലാളികളാണുള്ളത്. ട്രോളിങ് നിരോധനം പരമ്പരാഗത വള്ളക്കാര്‍ക്ക് ബാധകമല്ലെങ്കിലും ഇവര്‍ മുനക്കക്കടവ് ഹാര്‍ബറില്‍ മീനുമായെത്തുന്നത് പതിവില്ലാത്തതിനാൽ കയറ്റിറക്ക തൊഴിലാളികള്‍ക്കും ജോലി ഇല്ലാതാകും. പലരും പട്ടിണിയകറ്റാന്‍ മറ്റു തൊഴിലുകളിലേക്ക് തിരിയുകയാണ് പതിവ്.
ബോട്ടുകളും വലയും അനുബന്ധ ഉപകരണങ്ങളും അറ്റകുറ്റപ്പണി നടത്താനും ബോട്ടുകൾ പെയിന്റടിക്കാനും ട്രോളിങ് നിരോധനകാലത്താണ് ബോട്ടുടമകള്‍ സമയം കണ്ടെത്തുന്നത്. ട്രോളിങ് നിരോധന കാലയളവിൽ കടലിലെ ചെമ്മീൻ ചാകര ലക്ഷ്യമാക്കി ചാവക്കാട്, തിരുവത്ര, എടക്കഴിയൂര്‍ മേഖലയിലെ എട്ടെണ്ണമുള്‍പ്പെടെ ചേറ്റുവ അഴിയില്‍ 50ഓളം വള്ളങ്ങളാണ് തമ്പടിച്ചിട്ടുള്ളത്.
നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ധനസഹായം എല്ലാ കാലത്തും ഉയരുന്ന ആവശ്യമാണെങ്കിലും സർക്കാർ തലത്തിൽനിന്ന് അനുകൂല സമീപനം ഇതുവരെയുണ്ടായിട്ടില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.