പുന്നയൂരിലും ചാവക്കാട്ടും വെള്ളക്കെട്ട്; കിടപ്പുരോഗികളുൾപ്പെടെ ദുരിതത്തിൽ
text_fieldsപുന്നയൂർ പഞ്ചായത്തിലെ എടയൂർ കിഴക്ക് ഭാഗത്ത് താമസിക്കുന്ന കുന്നമ്പത്ത് അലിയുടെ വീട് വെള്ളത്തിൽ മുങ്ങിയ നിലയിൽ
പുന്നയൂർ/ചാവക്കാട്: പുന്നയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. വീടുകളിലേക്ക് വെള്ളം കയറി. നിരവധി വീടുകൾ ഒറ്റപ്പെട്ടു. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിൽ. എടക്കഴിയൂർ തെക്കേ മദ്റസ-കുരഞ്ഞിയുർ ചെങ്ങാടം റോഡിൽ ഗതാഗതം നിലച്ചു.
കനോലി കനാലിന്റെ ഇരുകരയിലുമുള്ളവരാണ് വെള്ളത്താൽ ചുറ്റപ്പെട്ടത്. 20,12, 9,8,7,2 വാർഡുകൾ ഉൾപ്പെടുന്ന മന്ദലാംകുന്ന്, മൂന്നായിനി ഈസ്റ്റ്, എടക്കഴിയൂർ ഈസ്റ്റ്, എടക്കഴയുർ നോർത്ത്, കുരഞ്ഞിയൂർ, അവിയൂർ, എടക്കര വെസ്റ്റ് എന്നിവിടങ്ങളിലായി നൂറോളം കുടുംബങ്ങളാണ് ദുരിതം പേറുന്നത്. ഏതാനും കുടുംബങ്ങൾ എടക്കര മദ്റസയിലേക്കും മറ്റു ചിലർ ബന്ധവീടുകളിലേക്കും താമസം മാറ്റിയിട്ടുണ്ട്.
എന്നാൽ കോഴി, ആട്, പോത്ത്, പശു തുടങ്ങിയ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പത്തു കിലോമീറ്റർ അപ്പുറമുള്ള അഞ്ചങ്ങാടി സൈക്ളോൺ ഷെൽട്ടറിലേക്ക് പോകാൻ ആരും തയാറല്ല.
ഇവരെ എത്രയും പെട്ടെന്ന് തൊട്ടടുത്ത സ്കൂളുകളിലോ മറ്റു സ്ഥലങ്ങളിലോ ക്യാമ്പുകളൊരുക്കി മാറ്റി താമസിപ്പിക്കാൻ അധികൃതർ തയാറാവണമെന്ന് പഞ്ചായത്തിലെ പ്രതിപക്ഷ മെംബർമാരായ എം.വി. ഹൈദരലി, സി. അഷ്റഫ്, അസീസ് മന്ദലാംകുന്ന്, ടി.വി. മുജീബ് റഹ്മാൻ, സുബൈദ പുളിക്കൽ, ജസ്ന ഷെജീർ, ഷെരീഫ കബീർ, ബിൻസി റഫീഖ് എന്നിവർ ആവശ്യപ്പെട്ടു.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടുമൂലം ഉണ്ടായ യാത്രാ ക്ലേശവും ജനങ്ങളുടെ ദുരിതവും പരിഹരിക്കുവാനും ദുരിതത്തിൽ പെട്ട കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ സൗജന്യമായി എത്തിച്ച് നൽകുവാനും പഞ്ചായത്ത് പ്രസിഡന്റ് തയാറാകണമെന്നും ആവശ്യപ്പെട്ടു.
ആയിരത്തോളം കുടുംബങ്ങളാണ് ചാവക്കാട് നഗരസഭയിലെ വിവിധ പ്രദേശങ്ങളിലായി വെള്ളക്കെട്ട് ദുരിതം അനുഭവിക്കുന്നത്. 16 കുടുംബങ്ങളിൽ നിന്നായി 55 പേർ മാത്രമാണ് അഞ്ചങ്ങാടി സൈക്ലോൺ ഷെൽട്ടറിലേക്ക് താമസം മാറിയിട്ടുള്ളത്.
വെള്ളക്കെട്ട് മൂലം പുറത്തിറങ്ങാൻ കഴിയാത്ത പുന്ന, തെക്കൻഞ്ചേരി, വഞ്ചികടവ്, കോഴിക്കുളങ്ങര പ്രദേശങ്ങളിലെ പല കുടുംബങ്ങളും ജോലിക്ക് പോകാൻ പോലും കഴിയാതെ പ്രയാസത്തിലാണ്.
ചാവക്കാട് നഗരസഭ പ്രതിപക്ഷ കൗൺസിലർമാർ വെള്ളക്കെട്ട് മേഖലകൾ സന്ദർശിച്ചു. അടിയന്തിരമായി ഈ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും വൈദ്യസഹായവും നൽകാൻ നഗരസഭ തയാറാവണമെന്ന് യു.ഡി.എഫ് കൗൺസിലർമാരായ കെ.വി. സത്താർ, ഷാഹിദ മുഹമ്മദ്, ഫൈസൽ കാനാമ്പുള്ളി, ബേബി ഫ്രാൻസീസ്, സുപ്രിയ രമേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് കൗൺസിലർമാർ ജില്ല കലക്ടർക്ക് കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു