യു.ആർ. പ്രദീപുമായി തർക്കമുണ്ടെന്ന് വരുത്താനുള്ള ശ്രമം വിജയിക്കില്ല -കെ. രാധാകൃഷ്ണൻ
text_fieldsഎല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.ആര്. പ്രദീപിന്റെ പ്രചാരണ ഭാഗമായി പഴയന്നൂരില്‍ സംഘടിപ്പിച്ച ഇരുചക്ര വാഹനറാലിയും റോഡ് ഷോയും ഫ്ലാഗ്
ഓഫ് ചെയ്ത ശേഷം, മന്ത്രി പി.എ. മുഹമ്മദ് റിയാസ് സംസാരിക്കുന്നു.
കെ. രാധാകൃഷ്ണൻ എം.പി, മന്ത്രി കെ. രാജൻ, വി.എസ്. സുനിൽകുമാർ,
സ്ഥാനാർഥി യു.ആർ. പ്രദീപ് എന്നിവർ സമീപം
ചേലക്കര: പ്രചാരണ രംഗത്ത് താൻ സജീവമല്ലെന്ന ആക്ഷേപത്തിന് മറുപടിയുമായി കെ. രാധാകൃഷ്ണൻ എം.പി. ചേലക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന്റെ പ്രചാരണഭാഗമായി ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പഴയന്നൂരില്‍നിന്ന് സംഘടിപ്പിച്ച ഇരുചക്ര വാഹനറാലിയും റോഡ് ഷോയും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്ത ചടങ്ങിലാണ് കെ. രാധാകൃഷ്ണൻ മറുപടിയുമായി രംഗത്തെത്തിയത്. ഞാനും പ്രദീപും തമ്മിൽ വലിയ തർക്കമുണ്ടെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നത്. അത് പാലക്കാടിന്റെ ഓർമയിൽ പറയുന്നതാണ്. ആ ശ്രമം വെറുതെയാണ്. പാലക്കാടല്ല, ചേലക്കരയെന്ന് അടുത്തദിവസം കാണാൻ സാധിക്കും.
എൽ.ഡി.എഫിന് ഉജ്വല വിജയമുണ്ടാകുമെന്നും ആറ് തവണ ചേലക്കരയിൽ തുടർച്ചയായി വിജയിച്ച ഇടതുമുന്നണി ഏഴാം തവണയും വിജയിക്കുമെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു.
യു.ആർ. പ്രദീപിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. മന്ത്രി കെ. രാജന്, വി.എസ്. സുനില്‍കുമാര്‍, എ.സി. മൊയ്തീന്, എം.എം. വര്‍ഗീസ്, കെ.കെ. വത്സരാജ്, പി.കെ. ബിജു, വി. വസീഫ്, വി.പി. ശരത്പ്രസാദ്, പി.എ. ബാബു, കെ. നന്ദകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.