റോഡിൽ കുടുങ്ങിയ ബസ് നിർത്തിയിട്ട് ജീവനക്കാർ കടന്നു
text_fieldsചേലക്കര പൊലീസ് സ്റ്റേഷന് സമീപം ജീവനക്കാർ
നിർത്തിയിട്ടുപോയ സ്വകാര്യബസ്
ചേലക്കര: റോഡിൽ കുടുങ്ങിയ സ്വകാര്യബസ് നിർത്തിയിട്ട് ജീവനക്കാർ കടന്നു. മണിക്കൂറുകൾ ഗതാഗതം തടസ്സപ്പടുത്തിയ വാഹനം പൊലീസ് പിടിച്ചെടുത്തു. പ്രതിഷേധവുമായി ചേലക്കര-തൃശൂർ റൂട്ടിൽ മിന്നൽ പണിമുടക്കുമായി ബസ് ജീവനക്കാർ.
അപ്രതീക്ഷിത ബസ് പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. ചൊവ്വാഴ്ച രാവിലെ ആറോടെ തൃശൂരിലേക്ക് പോകുന്ന കാരിക്കൂട്ടത്തിൽ ബസാണ് ചേലക്കര പൊലീസ് സ്റ്റേഷന് സമീപം വൈദ്യുതിത്തൂൺ തടസ്സമായപ്പോൾ റോഡിൽ നിർത്തിയിട്ട് ഡ്രൈവറും കണ്ടക്ടറും ഇറങ്ങിപ്പോയത്.
വാഴക്കോട്-പ്ലാഴി റോഡ് നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ ഒരുഭാഗം കോൺക്രീറ്റ് ചെയ്തതിനാൽ വൺവേ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് ഗതാഗതക്കുരുക്ക് പതിവാണ്. ജീവനക്കാർ വരാതായതോടെയാണ് പൊലീസ് ബസ് മാറ്റിയത്. ഇതേ ഭാഗത്തുകൂടി കെ.എസ്.ആർ.ടി.സി ബസും വലിയ ലോറിയും കടന്നുപോയിരുന്നു.
വാഹനം മനഃപൂർവം നിർത്തിയിട്ടതാണെന്ന് പൊലീസ് പറഞ്ഞു. കുടുങ്ങിയതാണെങ്കിൽ മാറ്റാനുള്ള ശ്രമമോ സഹകരണമോ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായില്ല. പിടിച്ചെടുത്ത ബസ് കോടതിയിൽ ഹാജരാക്കുമെന്ന് ചേലക്കര സി.ഐ ബാലകൃഷ്ണൻ അറിയിച്ചു. റോഡ് ഗതാഗതയോഗ്യമാക്കിയാലേ സർവിസ് പുനരാരംഭിക്കൂ എന്ന നിലപാടിലാണ് ബസ് ജീവനക്കാർ.