സമൂഹ മാധ്യമങ്ങളിൽ വൈറലായ ‘മീറ്റർ പയർ’ അന്വേഷിച്ചവർക്ക് വിറ്റുതീർത്തെന്ന് മറുപടി
text_fieldsചേലക്കര: വിപണിയിൽ ക്ഷീണിച്ച മീറ്റർ പയർ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഇത്തവണ നല്ല വിളവ് ലഭിച്ചതിനാലും ഓണം കഴിഞ്ഞതോടെ പയറിന് വിപണിയിൽ മാന്ദ്യമായതിനാലും ഞായറാഴ്ച വിളവെടുത്ത 11 ടൺ മീറ്റർ പയർ വിപണിയില്ലാതെ കളപ്പാറ വി.എഫ്.പി.സി.കെയിൽ കെട്ടിക്കിടന്നു. ഇതു ശ്രദ്ധയിൽപെട്ട മോജു മോഹനാണ് സഹായം അഭ്യർഥിച്ച് സമൂഹ മാധ്യമത്തിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തി ഫോട്ടോ സഹിതം പോസ്റ്റിട്ടത്.
പോസ്റ്റ് വാട്സ്ആപ്, ഫേസ്ബുക്ക് എന്നീ സമൂഹ മാധ്യമങ്ങൾ വഴി ആയിരങ്ങളിലേക്കെത്തി. വായിച്ചവരെല്ലാം ഷെയർ ചെയ്യുകയും ചെയ്തു. ഇതോടെ നിലക്കാത്ത വിളികളായി. എന്നാൽ,. വിളിച്ചവരെല്ലാം നിരാശരായി, ഫോൺ സ്വിച്ച് ഓഫായിരുന്നു. കാരണം പയർ ഞായറാഴ്ച അവിടെ എത്തിയവർക്കും ബാക്കി തൃശൂർ മാർക്കറ്റിലുമായി കിട്ടിയ വിലയ്ക്ക് വിറ്റുതീർത്തിരുന്നു. സഹായം അഭ്യർഥിച്ച പോസ്റ്റ് വൈറലായത് തിങ്കളാഴ്ചയാണ്. ഇതു ശ്രദ്ധയിൽപെട്ട മാധ്യമപ്രവർത്തകരടക്കം സ്ഥലത്തെത്തി. എന്നാൽ. പയർ ഞായറാഴ്ച വിറ്റുപോയതറിഞ്ഞ് വന്നവർ മടങ്ങി.