അനധികൃത മണ്ണെടുപ്പ്: വല്ലച്ചിറയിൽ ടിപ്പറും മണ്ണുമാന്തിയും പിടികൂടി
text_fieldsചേർപ്പ്: വല്ലച്ചിറ ഇളംകുന്നിൽ നിന്ന് അനധികൃതമായി മണ്ണെടുത്ത ടിപ്പർ ലോറിയും മണ്ണുമാന്തി യന്ത്രവും പിടികൂടി. വല്ലച്ചിറയിൽ സ്കൂൾ അക്കാദമിക്ക് ഗ്രൗണ്ട് ഒരുക്കുന്നതിന്റെ മറവിലാണ് മണ്ണെടുപ്പ് നടന്നിരുന്നത്.
വില്ലേജ് ഓഫിസർ സ്കൂൾ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിട്ടും സ്ഥലത്ത് നിന്ന് പലതവണകളായി മണ്ണെടുപ്പ് തുടരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉച്ചയോടെ വല്ലച്ചിറ വില്ലേജ് ഓഫിസർ ഐ.എ. ഷിനോദ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കെ.എ. ഷാജി എന്നിവരുടെ നേതൃത്വത്തിൽ മണ്ണെടുത്ത് കൊണ്ടുപോവുകയായിരുന്ന മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറികളും ഒരുലോഡ് മണ്ണും പിടിച്ചെടുത്തു.
ഹൈകോടതിയുടെ അനുമതിയോടെയാണ് തങ്ങൾ ഗ്രൗണ്ട് നവീകരിക്കാനായി മണ്ണെടുപ്പ് നടത്തുന്നതെന്ന് സ്കൂൾ അധികൃതർ പറയുന്നത് വ്യാജമാണെന്ന് വില്ലേജ് ഓഫിസർ പറഞ്ഞു. പരിശോധനയിൽ സ്കൂളും പ്രവർത്തനരഹിതമായ നിലയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. പിടികൂടിയ വാഹനങ്ങൾ ചേർപ്പ് പൊലീസിന് വില്ലേജ് അധികൃതർ കൈമാറി.