രാംനേഷിന്റെ കുടുംബം അനാഥമല്ല; കുടുംബശ്രീ ഒരുക്കിയ ‘തണൽ’ ഇന്ന് സ്വന്തമാകും
text_fieldsവാഹനാപകടത്തിൽ മരിച്ച രാംനേഷിന്റെ കുടുംബത്തിന്
നൽകുന്ന വീട്. (ഇൻസെറ്റിൽ രാംനേഷ്)
ചേർപ്പ്: വാഹനാപകടത്തിൽ മരിച്ച സഹപ്രവർത്തകന്റെ കുടുംബത്തിന് കുടുംബശ്രീ മിഷൻ നിർമിച്ച വീടിന്റെ താക്കോൽ കൈമാറ്റം ശനിയാഴ്ച നടക്കും. ഇടുക്കി ജില്ല മിഷൻ ജില്ല പ്രോഗ്രാം മാനേജറായിരുന്ന രാംനേഷിന്റെ കുടുംബത്തിനാണ് വീട് നൽകുന്നത്. താക്കോൽ കൈമാറ്റം രാവിലെ 11ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. സി.സി. മുകുന്ദൻ അധ്യക്ഷത വഹിക്കും.
ഇടുക്കി ജില്ല മിഷനിൽ ലൈവ്ലിഹുഡ് ജില്ല പ്രോഗ്രാം മാനേജറായിരിക്കെ 2023 ജൂൺ 12ന് തിരുവനന്തപുരത്ത് വാഹനപകടത്തിലാണ് പി.ആർ. രാംനേഷ് മരിച്ചത്. രാംനേഷിന് കാഴ്ചയില്ലാത്ത അമ്മയും രണ്ട് സഹോദരിമാരുമാണുള്ളത്. ഇവർ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
സംസ്കാര ചടങ്ങിൽ പങ്കെടുത്ത ഇടുക്കി ജില്ല മിഷൻ കോഓഡിനേറ്റർ അഭിലാഷ് കെ. ദിവാകർ 2023 ജൂൺ 16ന് സി.ഡി.എസ് ചെയർപേഴ്സൺമാരുടേയും അക്കൗണ്ടന്റുമാരുടെയും ജില്ല മിഷൻ ടീമിന്റെയും യോഗം വിളിച്ചുചേർക്കുകയും രാംനേഷിന്റെ കുടുംബത്തിന് വീടും സ്ഥലവും നൽകാൻ സഹായ നിധി രൂപവത്കരിക്കുകയും ചെയ്തു. ഇതിനായി ബാങ്ക് അക്കൗണ്ടും ആരംഭിച്ചു. കുടുംബശ്രീ തൃശൂർ ജില്ല മിഷനിൽ സഹോദരി പി.ആർ. രാവന്യക്ക് ജോലി നൽകി. ഫണ്ട് സമാഹരണവേളയിൽ ഇടുക്കി ജില്ലയിലെ എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും പഞ്ചായത്ത് ഭരണ സമിതിയുടെ സഹായം നൽകി.
ധനസമാഹരണം ആരംഭിച്ച് ഒരു മാസത്തിനകം സി.ഡി.എസുകളിൽനിന്ന് 5268924 രൂപയും, ജില്ല മിഷൻ സ്റ്റാഫ്, സപ്പോർട്ടിംഗ് ടീം അംഗങ്ങൾ, മുൻജീവനക്കാർ, അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നായി 249200 രൂപയും ഉൾപ്പെടെ ആകെ 55,18124 രൂപ സമാഹരിച്ചു. അവിണിശ്ശേരി പഞ്ചായത്തിൽ പെരിഞ്ചേരി 10ാം വാർഡിൽ നാല് സെന്റ് സ്ഥലത്ത് 1365 ചതുരശ്ര അടി വിസ്തീർണമുള്ള പണി പൂർത്തീകരിക്കാത്ത വീട് 35 ലക്ഷം രൂപ മുടക്കി കഴിഞ്ഞ സെപ്റ്റംബർ 12നാണ് വാങ്ങിയത്. ബാക്കി പണികൾ കൂടി പൂർത്തീകരിച്ച ശേഷമാണ് വീടിന്റെ താക്കോൽ കൈമാറുന്നത്.