മെമു ട്രെയിനിൽ ദുരിത യാത്ര; കൂടുതൽ കോച്ചുകൾ വേണമെന്ന് ആവശ്യം
text_fieldsവള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ രാവിലെ മെമു ട്രെയിനിൽകയറാൻ വേണ്ടി കാത്തുനിൽക്കുന്ന സ്ത്രീകൾ
ചെറുതുരുത്തി: മെമു ട്രെയിനിലെ യാത്ര ദുഷ്കരമെന്ന് യാത്രക്കാർ. കൂടുതൽ കോച്ചുകൾ വേണമെന്ന് ആവശ്യം ഉയരുന്നു. പാലക്കാട്ടുനിന്ന് എറണാകുളത്തേക്ക് രാവിലെ 8.20ന് പോകുന്ന മെമു ട്രെയിനിൽ സ്ത്രീകൾ അടക്കം നിരവധി പേരാണ് വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽനിന്ന് കയറുന്നത്.
ഈ ട്രെയിനിൽ മണിക്കൂറുകളോളം നിന്ന് യാത്ര ചെയ്യേണ്ട അവസ്ഥയാണെന്ന് ഇവർ പറയുന്നു. തിരിച്ചും ട്രെയിൻ വരുമ്പോഴും ഇതേ അവസ്ഥയാണ്. ട്രെയിനുള്ളിൽ ശ്വാസം പോലും കിട്ടാതെ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. എട്ട് കോച്ചുകളുള്ള ഈ ട്രെയിനിൽ 12 കോച്ചെങ്കിലും വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സ്ത്രീകൾക്കായി ഒരു കോച്ചുണ്ടെങ്കിലും സ്ത്രീകൾ അതിലും നിന്ന് വേണം യാത്ര ചെയ്യാൻ.
വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ ഫ്ലാറ്റ് ഫോം ഉയർച്ചയിലും സ്റ്റേഷൻ താഴ്ന്നതും ആയതിനാൽ മഴ പെയ്താൽ വെള്ളം ഒലിച്ചിറങ്ങുന്നത് സ്റ്റേഷനിലേക്ക് ആണ്. പ്ലാറ്റ് ഫോം മൂന്നിലോ നാലിലോ ട്രെയിൻ നിർത്തിയാൽ മേൽപാലം ഇല്ലാത്തതിനാൽ തുടർന്ന് കിലോമീറ്റർ നടന്നു വേണം റെയിൽവേ സ്റ്റേഷനിൽ എത്താൻ.
അതിനാൽ പലരും അപകടകരമായ രീതിയിൽ റെയിൽ പാളം മുറിച്ചുകടക്കുന്ന അവസ്ഥയും ഉണ്ട്. സ്റ്റേഷനിൽ 24 കോച്ചുകൾ നിർത്താനുള്ള സൗകര്യവം മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന് വള്ളത്തോൾ നഗർ റെയിൽവേ വികസന സമിതി സെക്രട്ടറി കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു.