നോമ്പുകാലത്തെ കരുതൽ നൽകി ചെറിയ പെരുന്നാൾ ആഘോഷം വീടുകളിൽ
text_fieldsചെറുതുരുത്തി: കോവിഡ് വ്യാപനം ഇത്തവണയും ചെറിയ പെരുന്നാൾ ആഘോഷത്തിന്‍റെ മാറ്റ് കുറക്കുമ്പോഴും ലോക്ക്ഡൗണായതിനാൽ കൂടിച്ചേരലുകൾ ഒഴിവാക്കി വിശ്വാസികൾ അവരവരുടെ വീടുകളിൽ പെരുന്നാൾ നിസ്കാരം നിർവഹിച്ചു. വ്രതാനുഷ്ഠാനത്തിലൂടെ എല്ലാം ത്യജിക്കാനുള്ള മനക്കരുത്ത് നേടിയെടുത്ത വിശ്വാസികൾ ആരാധനാലയങ്ങളിലെ കൂടിച്ചേരലുകളും പ്രാർഥനകളും ത്യജിച്ചു കൊണ്ടാണ് ത്യാഗത്തിന്‍റെയും പരിശുദ്ധിയുടെയും നോമ്പുകാലത്തിനു ശേഷം ചെറിയ പെരുന്നാൾ ആഘോഷിച്ചത്.
മുള്ളൂർക്കര - എസ്.എൻ. നഗറിൽ താമസിക്കുന്ന സുന്നി യുവജന സംഘം തൃശ്ശൂർ ജില്ല ഓർഗനൈസിങ് സെക്രട്ടറിയായ കെ.എ. ഹംസക്കുട്ടി മൗലവി അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോടൊത്ത് വീട്ടിൽ പെരുന്നാൾ നിസ്കാരം നിർവഹിക്കുകയും മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു.
ബഹുസ്വര സമൂഹത്തിൽ എല്ലാ ജനവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന മുഹൂർത്തങ്ങളാണ് ആഘോഷങ്ങളെന്നും നമ്മുടെ മനസ്സുകളുടെ വാതിൽ അപരനുവേണ്ടി തുറക്കാനാവുന്നതിലാണ് മനുഷ്യന്‍റെ വിജയവും ആഘോഷങ്ങളുടെ പൊരുളുമെന്ന് അദ്ദേഹം തന്‍റെ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.
കോവിഡ് മൂലം ഇന്നത്തെ പരിതാപകരമായ അവസ്ഥയെ സഹനത്തിന്‍റെ അതിതീവ്രതയിലൂടെ നേരിട്ടുകൊണ്ടിരിക്കെയാണ് ശാന്തനിർഭരമായ ഒരു ചെറിയ പെരുന്നാൾ കൂടി വിശ്വാസികൾ ആഘോഷിച്ചത്.