മുള്ളൂർക്കര റെയിൽവേ ഗേറ്റിൽ യന്ത്രത്തകരാർ
text_fieldsമുള്ളൂർക്കര റെയിൽവേ ഗേറ്റിന്റെ തകരാറിനെ തുടർന്ന് കാത്തുനിൽക്കുന്ന ജനം
ചെറുതുരുത്തി: മുള്ളൂർക്കര റെയിൽവേ ഗേറ്റിലെ യന്ത്രത്തകരാർ മൂലം ഒരു മണിക്കൂറോളം പെരുവഴിയിൽ വാഹനങ്ങളുമായി നിൽക്കേണ്ട ഗതി വന്നെന്ന് നാട്ടുകാരുടെ പരാതി.
ശനിയാഴ്ച രാവിലെ 9.30ന് ആണ് റെയിൽവേ ഗേറ്റ് തുറക്കാൻ പറ്റാതെയായത്. തുടർന്ന് രണ്ടു ഭാഗത്തും നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി. ഈ വഴിക്ക് പോകുന്ന ബസുകൾ തിരിച്ച് വേറെ വഴിക്കാണ് യാത്ര തുടർന്നത്. ഇതോടെ നൂറുകണക്കിന് യാത്രക്കാരും ബുദ്ധിമുട്ടിലായി. റെയിൽവേ ഉദ്യോഗസ്ഥരെത്തി 10.35 തകരാർ പരിഹരിച്ച് ഗേറ്റ് തുറന്നു.എന്നാൽ, ട്രെയിൻ വരുന്നതുകൊണ്ട് രണ്ട് മിനിറ്റ് കഴിഞ്ഞ് അടച്ചു. വീണ്ടും ജനങ്ങൾക്ക് കാത്തുനിൽക്കേണ്ട അവസ്ഥയാണ് വന്നത്. മേൽപ്പാലം അടിയന്തരമായി വേണമെന്നും ഗേറ്റിന് തകരാർ സംഭവിച്ചാൽ മൂന്ന് കിലോമീറ്റർ ചുറ്റി വേണം മുള്ളൂർക്കരയിൽ എത്താനെന്നും നാട്ടുകാർ പറഞ്ഞു.