മകളുടെ മരണത്തിന് പിന്നാലെ മകനും അസുഖം; തമിഴ് കുടുംബത്തെ സഹായിക്കാൻ ഒരുമിച്ച് നാട്
text_fieldsചെറുതുരുത്തി: രണ്ടാഴ്ച മുമ്പ് വരവൂർ ഹയർ സെക്കൻഡറി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി വിനീതയുടെ സഹോദരന്റെ ചികിത്സക്കായി സുമനസ്സുകളിൽനിന്ന് സഹായം തേടുന്നു.
സഹോദരിയുടെ മരണ വിവരം കേട്ട ആഘാതത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 15കാരൻ വിനീതിന് നടത്തിയ തുടർ പരിശോധനയിൽ ഹൃദയ സംബന്ധമായ അസുഖമുള്ളതായി കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ദേശമംഗലം പഞ്ചായത്തിലെ തലശ്ശേരി ഉണിക്കുന്ന് കോളനിയിൽ വർഷങ്ങളായി താമസിക്കുന്ന തമിഴ് ദമ്പതികളായ മുരളിയുടെയും ആരായിയുടെ മകനാണ് വിനീത്. മകളുടെ ആകസ്മിക വേർപാടിന്റെ വേദനയിൽ കഴിയുമ്പോഴാണ് മകന്റെ അസുഖ വിവരം അറിഞ്ഞത്. വിനീതിനെ മധുര മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ചികിത്സക്ക് വേണ്ട മൂന്ന് ലക്ഷം രൂപ കണ്ടെത്താനുള്ള ശ്രമത്തിലാണവർ.
പഞ്ചായത്ത് അംഗങ്ങളായ കെ.എ. ഇബ്രാഹിം ചെയർമാനും എം.പി. മധു കൺവീനറും സി.പി. രാജൻ ട്രഷററുമായാണ് സമിതി രൂപവത്കരിച്ചത്. ഒരാഴ്ചക്കകം ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
പഞ്ചാബ് നാഷണൽ ബാങ്ക് ദേശമംഗലം ശാഖയിൽ എം.എസ്. ആരായിയുടെ പേരിലുള്ള അക്കൗണ്ടിന്റെ നമ്പർ: 4267000100103334. ഐ.എഫ്.എസ്.സി കോഡ്: PUNB0426700