റമദാൻ 27ാം രാവിൽ വിഭവമൊരുക്കി വിതരണം ചെയ്ത് മാതൃകയായി മുഹിയുദ്ദീൻ ജുമാമസ്ജിദ്
text_fields27ാം രാവിൽ വിതരണം ചെയ്യാൻ ഉതുവടി മുഹിയുദ്ദീൻ ജുമാമസ്ജിദിൽ പച്ചക്കറി കറി പാചകം ചെയ്യുന്ന ശരീഫ്
ചെറുതുരുത്തി: റമദാനിലെ 27ാം രാവ് വിശ്വാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. അന്നേദിവസം പച്ചക്കറി ചേർത്ത് ഉണ്ടാക്കുന്ന കറി ജാതിഭേദമന്യേ എല്ലാവർക്കും വിതരണം ചെയ്ത് മാതൃകയായി പാഞ്ഞാൾ പഞ്ചായത്ത് ഉതുവടി മുഹിയുദ്ദീൻ ജുമാമസ്ജിദ് ഭാരവാഹികൾ. 180 വർഷമായി ഈ സൽപ്രവൃത്തി തുടരുന്നുണ്ട്. ദൂര സ്ഥലങ്ങളിൽനിന്ന് പോലും ഈ കറി കൊണ്ടുപോകാനായി ആളുകൾ വരുന്നുണ്ട്. പണ്ടുകാലത്ത് അഞ്ച് മഹല്ലുകൾ ഒരുമിച്ചാണ് ഈ ചടങ്ങ് നടത്തിയിരുന്നത്. അന്ന് പള്ളിയിലെ മുതിർന്ന അംഗമായിരുന്ന മൊയ്തീൻകുട്ടി മുസ്ലിയാരാണ് ഈ പരിപാടിക്ക് തുടക്കമിട്ടത്.
പള്ളിമുറ്റത്ത് കുഴിവെട്ടി ഇലയിട്ട് കഞ്ഞിയും കറിയും വിളമ്പുകയായിരുന്നു പതിവ്. ജാതിമത ഭേദമന്യേ ആളുകൾ ഇവിടെ വന്ന് കഞ്ഞിയും കറിയും കഴിക്കുകയും വീടുകളിലേക്ക് കൊണ്ടുപോകുകയും ചെയ്യൽ പതിവായിരുന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ കഞ്ഞി നിർത്തലാക്കുകയും കറിമാത്രം വെക്കുകയുമായിരുന്നു.
ഇതും നിർത്തലാക്കാമെന്ന് തീരുമാനിച്ചപ്പോഴാണ് ഇമ്പിച്ചക്കോയ തങ്ങൾ പദ്ധതി തുടരണമെന്ന ആശയം മുന്നോട്ട് വെച്ചത്. തുടർന്ന് കൊള്ളിയാൻ പറമ്പിൽ അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ആയിരുന്നു കറിയൊരുക്കിയിരുന്നത്. ശരീഫെന്നയാളാണ് 15 വർഷമായി ഈ കറി പാകം ചെയ്യുന്നത്. വലിയ രണ്ട് ചെമ്പിൽ ഉണ്ടാക്കുന്ന കറി ഇവിടെനിന്ന് എല്ലാവർക്കും വിതരണം ചെയ്യുകയാണ് പതിവെന്ന് ഇപ്പോഴത്തെ മുതിർന്ന അംഗം അലി അക്ബർ തങ്ങളും മഹല്ല് ഭാരവാഹികളും പറഞ്ഞു.