വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും; ഒളിവിൽ കഴിഞ്ഞ പ്രതി മുംബൈയിൽ പിടിയിൽ
text_fieldsചെറുതുരുത്തി: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 40 പവൻ സ്വർണവും ഒന്നരലക്ഷം രൂപയും തട്ടിയെടുത്ത് ഒളിവിൽ പോവുകയും ചെയ്ത പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിലായി. വിയ്യൂർ പടുകാട് പുത്തൻവീട്ടിൽ ഹെൻറി ജോസഫിനെയാണ് (31) ചെറുതുരുത്തി പൊലീസ് മുംബൈ എയർപോർട്ടിൽനിന്ന് പിടികൂടിയത്.
ചെറുതുരുത്തിയിൽ വാടകക്ക് താമസിച്ചിരുന്ന ആലപ്പുഴ സ്വദേശിനിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വിവിധ കാലയളവുകളിലായി യുവതിയുടെ പക്കൽനിന്ന് 40 പവൻ സ്വർണാഭരണങ്ങളും ഒന്നരലക്ഷം രൂപയും ഇയാൾ കൈക്കലാക്കിയിരുന്നു. തുടർന്ന് 2024ൽ പ്രതി മുങ്ങുകയായിരുന്നു.
വിദേശത്തേക്ക് കടക്കാൻ പ്രതി മുംബൈ വിമാനത്താവളത്തിൽ എത്തുമെന്ന വിവരം കുന്നംകുളം എ.സി.പി സി.ആർ. സന്തോഷിന് ലഭിച്ചതാണ് കേസിൽ നിർണായകമായത്. തുടർന്ന് ചെറുതുരുത്തി സി.ഐ വിനു, എസ്.ഐമാരായ എ.ആർ. നിഖിൽ, ജോളി സെബാസ്റ്റ്യൻ, പൊലീസ് ഉദ്യോഗസ്ഥരായ വിനീത് മോൻ, ഗിരീഷ് എന്നിവരടങ്ങുന്ന സംഘം മുംബൈയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ചെറുതുരുത്തി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.


