ഏഴുവർഷത്തെ നിയമ പോരാട്ടം; ഉരുൾപൊട്ടലിൽ ദാനമായി നൽകിയ സ്ഥലത്ത് മൂന്നു കുടുംബങ്ങൾ താമസിക്കും
text_fieldsചെറുതുരുത്തി: ഏഴുവർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ അധികൃതർ കണ്ണുതുറന്നു. ഉരുൾപൊട്ടലിൽ ദാനമായി നൽകിയ 12 സെന്റ് സ്ഥലത്ത് മൂന്നു കുടുംബങ്ങൾ താമസിക്കും എന്ന സന്തോഷത്തിലാണ് ഭൂമി നൽകിയ വയോധികയായ ചന്ദ്രമതി ടീച്ചർ.
സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ദേശമംഗലം അച്ചത്ത് പറമ്പിൽവീട്ടിൽ ശബരി, സൂര്യലക്ഷ്മി, ദേശമംഗലം പല്ലൂർ ആലക്കൽ വീട്ടിൽ മണികണ്ഠൻ ഷീല ദമ്പതികൾക്കും ദേശമംഗലം കപ്പാരത്തുപടി മനോജിന്റെ കുടുംബത്തിനും ആണ് നാല് സെന്റ് ഭൂമിവീതം സൗജന്യമായി നൽകുന്നത്.
തലപ്പിള്ളിതാലൂക്ക് തഹസിൽദാർ രേഖാമൂലം ഇവർക്ക് അറിയിപ്പ് കൊടുക്കുകയും ഈ സ്ഥലത്തിന് വേറെ വല്ല അവകാശികൾ ഉണ്ടെങ്കിൽ 15 ദിവസത്തിനുള്ളിൽ അപേക്ഷ നൽകണമെന്നും രേഖയിൽ കുറിച്ചിട്ടുണ്ട്. ഈ മാസം തന്നെ ഭൂമി നൽകും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ദേശമംഗലം പഞ്ചായത്തിലെ പള്ളം-കൊറ്റമ്പത്തൂരിൽ 2018 ആഗസ്റ്റ് പതിനഞ്ചാം തീയതി ഉരുൾപൊട്ടലിനെ തുടർന്ന് നാല് ആളുകൾ മരിക്കുകയും 35 ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കാൻ പറ്റാതെ ദേശമംഗലത്തുള്ള ക്യാമ്പിൽ കഴിയുകയായിരുന്നു. ഇതേ തുടർന്നാണ് ദുരിതബാധിതർക്ക് വീട് നിർമിക്കാൻ ദേശശമംഗലം വാളേരി വീട്ടിൽ ചന്ദ്രമതിയാണ് (72) ടൈപ്പ്റൈറ്റിങ് അധ്യാപികയായ ഇവർ സ്വന്തമായുള്ള 54 സെന്റ് സ്ഥലത്തിൽ നിന്ന് 12 സെന്റ് സ്ഥലം ദാനമായി നൽകിയത്.
എന്നാൽ ഈ 35 വീട്ടുകാർക്ക് ഗവൺമെന്റും സേവാഭാരതിയും ചേർന്ന് വീടുകൾവെച്ച് നൽകി. ഇതോടെ ഈ 12 സെന്റ് സ്ഥലം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതേ തുടർന്ന് ഈ സ്ഥലം ആർക്കെങ്കിലും ദാനമായി കൊടുക്കണമെന്ന അപേക്ഷ വിജയം കണ്ട സന്തോഷത്തിലാണ് ഇവർ.