നാളെ ലോക പ്രമേഹദിനം; പഞ്ചസാര ഹർത്താലുമായി തലശ്ശേരി ഗ്രാമം
text_fieldsദേശമംഗലം പഞ്ചായത്തിലെ 13ാം വാർഡ് അംഗം ഇബ്രാഹിം പഞ്ചസാര ഹർത്താലിന്റെ പോസ്റ്ററുമായി
ചെറുതുരുത്തി: ലോക പ്രമേഹദിനമായ നവംബർ 14ന് തലശ്ശേരി ഗ്രാമം പഞ്ചസാര ഹർത്താലിൽ. ദേശമംഗലം ഗ്രാമപഞ്ചായത്തിലെ 13ാം വാർഡ് തലശ്ശേരിയിലാണ് വ്യത്യസ്ത ഹർത്താലുമായി ഗ്രാമപഞ്ചായത്ത് അംഗവും മറ്റും രംഗത്തിറങ്ങിയത്. പഞ്ചസാര ഒഴിവാക്കാനുള്ള ബോധവത്കരണമായിരുന്നു ലക്ഷ്യം.
വാർഡ് അംഗം ഇബ്രാഹിമിന്റെ നേതൃത്വത്തിൽ എല്ലാ വീടുകളും കയറിയിറങ്ങി നോട്ടീസ് നൽകുകയും വീട്ടുകാരെ പഞ്ചസാര കഴിക്കുന്നതിനെ പറ്റിയുള്ള അപകടങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയും കടകളിലും മറ്റു ചായക്കടകളിലും നോട്ടീസ് പതിക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറു വരെ പഞ്ചസാര ഹർത്താൽ ആചരിക്കുകയും ഹർത്താൽ ദിനത്തിൽ കടകമ്പോളങ്ങളിൽ പഞ്ചസാര വിൽപന ഒഴിവാക്കി ചായക്കടകളിലും വീടുകളിലും മധുരമില്ലാത്ത ചായ മാത്രം കുടിച്ച് പഞ്ചസാരയുടെ അമിത ഉപയോഗത്തിന്റെ ദൂഷ്യവശം പൊതുസമൂഹത്തെ ഓർമപ്പെടുത്താനാണ് ഹർത്താൽ ആചരിക്കുന്നതെന്ന് വാർഡ് അംഗം അറിയിച്ചു. ഗ്രാമത്തിലെ പ്രമേഹരോഗികളെ കണ്ടെത്താൻ മെഡിക്കൽ ക്യാമ്പും ശ്വാസകോശ പരിശോധനയും ബോധവത്കരണവും നേത്രപരിശോധനയും നടത്തി.