പൂ കൃഷിയിൽ പെൺപടക്ക് നൂറുമേനി വിജയത്തിളക്കം
text_fieldsഇന്ന് വിളവെടുക്കുന്ന ചെണ്ടുമല്ലി പൂക്കൾ പരിചരിക്കുന്ന വീട്ടമ്മമാർ
ചെറുതുരുത്തി: അഞ്ചംഗ പെൺപട ഒഴിവുസമയം പൂ കൃഷിയിൽ സമയം കണ്ടെത്തിയപ്പോൾ ചിങ്ങം ഒന്നിന് വിരിഞ്ഞത് നൂറുമേനി ചെണ്ടുമല്ലി പൂക്കൾ. ഞായറാഴ്ച ചെണ്ടുമല്ലി പൂക്കൾ വിളവെടുക്കുന്ന സന്തോഷത്തിലാണ് വനിയക്കൂട്ടായ്മ. പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ പൈങ്കുളം വടക്കുമുറി ഭാഗത്തുള്ള സൗഹൃദ ജെ.എൽ.ജി കുടുംബശ്രീയിലെ അഞ്ചംഗ വീട്ടമ്മമാരാണ് ചെണ്ടുമല്ലി പൂക്കൾ കൃഷി ചെയ്ത് നൂറുശതമാനം വിജയം കൈവരിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് മുൻ അംഗവും ഇപ്പോഴത്തെ സി.ഡി.എസ് ചെയർപേഴ്സനും കൂടിയായ അംബിക രാധാകൃഷ്ണൻ, കെ. സത്യഭാമ, രുക്മണി, വി.എസ്. വിജയകുമാരി, കെ. മിനി എന്നിവരുടെ നേതൃത്വത്തിലാണ് വീടിന്റെ സമീപത്തുള്ള രാധാകൃഷ്ണൻ താൻ കൃഷി ചെയ്യുന്ന 50 സെൻറ് സ്ഥലം സൗജന്യമായി ചെണ്ടുമല്ലി പൂ കൃഷി ചെയ്യാൻ നൽകിയത്. ഗ്രാമപഞ്ചായത്തും കൃഷിഭവനും സബ്സിഡിയായി അഞ്ചു രൂപയുടെ ഒരു ചെണ്ടുമല്ലി ചെടി രണ്ടു രൂപ നിരക്കിൽ വാങ്ങിയത്. നല്ല വിളവാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. ഇതുകൂടാതെ സമീപത്തുതന്നെ പച്ചക്കറി കൃഷിയും ഇവർ ചെയ്തിട്ടുണ്ട്.